Skip to content

ഓസ്ട്രേലിയൻ താരത്തിന് പകരക്കാരൻ !! ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ താരത്തെ ടീമിലെത്തിച്ച് കൗണ്ടി ടീം

യുസ്വെന്ദ്ര ചഹാലിന് പുറകെ മറ്റൊരു ഇന്ത്യൻ താരം കൂടെ കൗണ്ടി ക്രിക്കറ്റിലേക്ക്. ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള താരത്തെ നോർതാംപ്ടൺഷെയറാണ് ടീമിലെത്തിച്ചിരിക്കുന്നത്.

നേരത്തെ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷാ നോർതാംപ്ടൺഷെയറിനായി ഈ ആഭ്യന്തര സീസണിൽ കളിച്ചിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് താരത്തിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടതായി വന്നിരുന്നു. ഓസ്ട്രേലിയയിലേക്ക് മടങ്ങിയ സാം വൈറ്റ്മാൻ എന്ന താരത്തിന് പകരമാണ് ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള കരുൺ നായരെ നോർതാംപ്ടൺഷെയർ ടീമിൽ എത്തിച്ചിരിക്കുന്നത്.

സീസണിലെ അവസാന മൂന്ന് മത്സരങ്ങളിൽ കരുൺ നായർ ടീമിനായി കളിക്കും. കൗണ്ടി ക്രിക്കറ്റ് തനിക്ക് പുതിയ പരിചയസമ്പത്ത് നൽകുമെന്നും ടീമിനായി കളിക്കുന്നതിൽ സന്തോഷമുണ്ടെന്നും നോർതാംപ്ടൺഷെയറിൽ പങ്കുവെച്ച പ്രസ്താവനയിൽ കരുൺ നായർ പറഞ്ഞു.

2016 ൽ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കരുൺ നായർ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയിരുന്നു. വീരേന്ദർ സെവാഗിന് ശേഷം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് കരുൺ നായർ. 2017 ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന താരത്തിന് ആ പരമ്പരയിൽ തിളങ്ങാൻ സാധിച്ചില്ല. എന്നാൽ അതിന് ശേഷം പിന്നീട് താരത്തിന് ഇന്ത്യ അവസരങ്ങൾ നൽകിയില്ല.