Skip to content

ഏകദിന ലോകകപ്പ് ഫൈനലിൽ ഞങ്ങളുടെ എതിരാളികൾ അവരായിരിക്കും : ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റു ഫോർമാറ്റുകൾ മാറ്റിവെച്ച് എല്ലാ ടീമുകളും ഏഷ്യ കപ്പും മറ്റു പരമ്പരകളും കളിച്ചുകൊണ്ട് ലോകകപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിൽ തങ്ങൾ പ്രവേശിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ്.

പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ അഭാവത്തിൽ മിച്ചൽ മാർഷാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുന്നത്. ടി20 പരമ്പര താരത്തിന് കീഴിൽ തൂത്തുവാരിയ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിൽ അതിഗംഭീര തിരിച്ചുവരവിലൂടെ വിജയം കുറിക്കുകയും ചെയ്തു.

ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ എത്തുമെന്ന് ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച താരം ഫൈനലിൽ ഇന്ത്യയോ ഇംഗ്ലണ്ടോ അല്ല പാകിസ്ഥാനായിരിക്കും തങ്ങളുടെ എതിരാളികളെന്നും പ്രവചിച്ചു.

നിലവിൽ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. ഏഷ്യ കപ്പിന് മുൻപായി അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ 3-0 ന് വിജയിച്ചതോടെയാണ് ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ട് പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയത്.

ലോകകപ്പിലേക്ക് വരുമ്പോൾ ഒക്ടോബർ അഞ്ചിന് ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ചെന്നൈ ചെപ്പോക്കിലാണ് മത്സരം നടക്കുന്നത്.