Skip to content

അവർക്കെന്താ കൊമ്പുണ്ടോ !! വിവേചനത്തിൽ പ്രതിഷേധവുമായി ശ്രീലങ്കയും ബംഗ്ലാദേശും

ഏഷ്യ കപ്പിൽ തങ്ങൾ നേരിട്ട വിവേചനത്തിൽ ആഞ്ഞടിച്ച് ശ്രീലങ്കയുടെയും ബംഗ്ലാദേശിൻ്റെ മുഖ്യ പരിശീലകർ. സൂപ്പർ ഫോറിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മാത്രമായി റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ട ഇന്ത്യ പാക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഞായറാഴ്ച്ച നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിലും മഴ ഭീഷണി നിലനിൽക്കുകയാണ്. ഇത് പരിഗണിച്ചുകൊണ്ടാണ് സെപ്റ്റംബർ 11 റിസർവ് ഡേയായി എഷ്യൻ ക്രിക്കറ്റ് കൗൺസിൽ അനുവദിച്ചത്.

എന്നാൽ മറ്റു മത്സരങ്ങൾക്ക് ഒന്നും തന്നെ റിസർവ് ഡേ അനുവദിച്ചിട്ടില്ല. ഇത് മാതൃക പരമല്ലെന്നായിരുന്നു ബംഗ്ലാദേശ് ഹെഡ് കോച്ച് ഹതുരുസിംഗയുടെ പ്രതികരണം. റിസർവ് ഡേ തങ്ങളും ആഗ്രഹിച്ചിരുന്നുവെന്നും തീരുമാനം എടുക്കുന്നതിന് മുൻപേ തങ്ങളോടും അഭിപ്രായം ചോദിക്കണമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ തീരുമാനം അത്ഭുതകരമായി പോയെന്നും എന്നാൽ ടൂർണമെൻ്റിൻ്റെ നടത്തിപ്പുക്കാർ തങ്ങൾ അല്ലാത്തതിനാൽ ഒന്നും ചെയ്യാനാകില്ലയെന്നും മത്സരം റിസർവ് ഡേയിലേക്ക് നീങ്ങി ഇന്ത്യയോ പാകിസ്ഥാനോ പോയിൻ്റ് നേടിയാൽ അത് തങ്ങളെ ബാധിക്കുമെന്നുമായിരുന്നു ശ്രീലങ്കൻ ഹെഡ് കോച്ച് ക്രിസ് സിൽവർവുഡിൻ്റെ പ്രതികരണം.