Skip to content

അവനെ ഒഴിവാക്കികൊണ്ട് മണ്ടത്തരം കാണിക്കരുത് !! ഇന്ത്യയ്ക്ക് മുൻ പരിശീലകൻ്റെ മുന്നറിയിപ്പ്

ലോകകപ്പ് വിജയിക്കാൻ മറ്റു രാജ്യങ്ങളെ അനുകരിച്ച് സ്വന്തം ശക്തി ഇന്ത്യ നഷ്ടപെടുത്തരുതെന്ന മുന്നറിയിപ്പുമായി മുൻ താരവും മുൻ പരിശീലകനും കൂടിയായ സഞ്ജയ് ബംഗാർ.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തനത് ശൈലിയിൽ നിന്നും മാറുന്നുവെന്ന സൂചന മൊഹമ്മദ് ഷാമിയെ ഒഴിവാക്കികൊണ്ട് ഇന്ത്യ നൽകിയിരുന്നു. ഇത് തിരിച്ചടിയാകുമെന്നാണ് സഞ്ജയ് ബംഗാറിൻ്റെ നിരീക്ഷണം. പാകിസ്ഥാനെതിരായ മത്സരത്തിൽ മൊഹമ്മദ് ഷാമിയെ ഒഴിവാക്കി ബാറ്റിങ് ഡെപ്ത് വർധിപ്പിക്കാനായി ഷാർദുൽ താക്കൂറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

രവീന്ദ്ര ജഡേജ ഏഴാമനായി ബാറ്റ് ചെയ്യുമ്പോൾ ബാറ്റിങ് ഡെപ്തിനെ കുറിച്ച് ഇന്ത്യ ആശങ്കപെടേണ്ടതില്ലെന്നും കളിക്കാരുടെ പ്രധാന കഴിവ് തന്നെയാകും എല്ലായ്പ്പോഴും നിർണായകമാവുകയെന്നും അദ്ദേഹം പറഞ്ഞു.

മൊഹമ്മദ് ഷാമിയെ ഒഴിവാക്കി ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്തുന്നതോടെ ഇന്ത്യയുടെ ബൗളിങ് ശക്തിയിൽ വലിയ കുറവ് തന്നെയുണ്ടാകുമെന്നും പക്ഷേ ഇന്ത്യ താക്കൂറിനെ ഉൾപ്പെടുത്തുവാനുള്ള സാധ്യതയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെതിരായ പ്രകടനത്തോടെ ഇഷാൻ കിഷൻ ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം ഏതാണ്ട് ഉറപ്പാക്കിയെന്നും പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തുന്നതിനാൽ തന്നെ കെ എൽ രാഹുലിൻ്റെ കാര്യത്തിൽ അനവധി ആശങ്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.