Skip to content

താങ്കൾക്ക് ഓർമ്മ ശക്തിയില്ലേ ! ജയ് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെ കുറിച്ചുള്ള ജയ് ഷായുടെ പരാമർശമാണ് അഫ്രീദിയെ ചൊടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് പാകിസ്ഥാനിൽ പൂർണമായും നടത്തുവാൻ സാധിക്കാതിരുന്നത് സുരക്ഷാ കാരണങ്ങൾ കൊണ്ടാണെന്നും മറ്റു ബോർഡുകളും മീഡിയകളും സുരക്ഷയിലും മറ്റും ആശങ്കകൾ ഉന്നയിച്ചിരുന്നുവെന്നും ജയ് ഷാ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഈ പരാമർശത്തിന് മറുപടിയുമായി അഫ്രീദി എത്തിയിരിക്കുന്നത്.

പാകിസ്ഥാൻ്റെ സുരക്ഷയെ കുറിച്ച് ജയ് ഷാ പറഞ്ഞത് താൻ കേൾക്കുവാൻ ഇടയായെന്നും കഴിഞ്ഞ 6 വർഷത്തിനിടെ നിരവധി വിദേശ ടീമുകളും വിദേശ കളിക്കാരും പാകിസ്ഥാനിൽ കളിച്ചുവെന്നും കഴിഞ്ഞ 6 വർഷം പാകിസ്ഥാനിൽ നടന്ന പരമ്പരകളുടെയും ടൂർണമെൻ്റുകളുടെയും വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് ഷാഹിദ് അഫ്രീദി പറഞ്ഞു.

2025 ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് വേദിയാകുവാൻ പാകിസ്ഥാൻ തയ്യാറാണെന്നും അക്കാര്യത്തിൽ സംശയം വേണ്ടെന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു. ഈ ഏഷ്യ കപ്പിൻ്റെ ആതിഥേയരായിരുന്നുവെങ്കിൽ കൂടിയും ടൂർണമെൻ്റിലെ നാല് മത്സരങ്ങൾ മാത്രമാണ് പാകിസ്ഥാനിൽ നടന്നത്. കൂടാതെ പാകിസ്ഥാൻ്റെ പ്രത്യേക ക്ഷണപ്രകാരം ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എന്നിവർ പാകിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു.