Skip to content

ആ വിക്കറ്റ് ഷഹീൻ ഭാഗ്യം കൊണ്ടാണ് നേടിയത് !! അടുത്ത മത്സരത്തിൽ എന്തുസംഭവിക്കുമെന്ന് കാണാം : എസ് ശ്രീശാന്ത്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്സ് കാണുവാൻ ആരാധകർക്ക് സാധിച്ചിരുന്നില്ല. മെൽബണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ഒരിക്കലും മറക്കാനാകാത്ത പ്രകടനമായിരുന്നു കിങ് കോഹ്ലിയിൽ നിന്നുണ്ടായത്. എന്നാൽ ഇക്കുറി കോഹ്ലി ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുൻപേ ഷഹീൻ അഫ്രീദി താരത്തെ പുറത്താക്കിയിരുന്നു.

എന്നാൽ ഭാഗ്യം കൊണ്ടാണ് ഷഹീൻ അഫ്രീദി കോഹ്ലിയെ പുറത്താക്കിയതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ബാറ്റിൽ എഡ്ജ് ചെയ്ത് പന്ത് സ്റ്റമ്പിൽ കൊണ്ടാണ് കോഹ്ലി പുറത്തായത്. അതുകൊണ്ട് ഇതൊരു വിക്കറ്റായി പോലും താൻ കാണുന്നില്ലയെന്ന് ശ്രീശാന്ത് തുറന്നുപറഞ്ഞു.

” ആ വിക്കറ്റ് ഇന്ത്യയുടെ ദൗർഭാഗ്യമായിരുന്നു. പാകിസ്ഥാന് ഭാഗ്യമുള്ളതുകൊണ്ടാണ് അത് ഇൻസൈഡ് എഡ്ജായി കോഹ്ലി പുറത്തായത്. അതൊരു വിക്കറ്റായി പോലും ഞാൻ കാണുന്നില്ല. എനിക്ക് കോഹ്ലിയെ വ്യക്തിപരമായി അറിയാം. പാകിസ്ഥാൻ്റെ ആഘോഷം കണ്ട് കോഹ്ലി മനസ്സിൽ കരുതിയെതെന്താണെന്ന് എനിക്കറിയാം. ഞാൻ അടുത്ത ഇന്ത്യ – പാക് മത്സരത്തിനായി കാത്തിരിക്കുകയാണ്. ” ശ്രീശാന്ത് പറഞ്ഞു.

കോഹ്ലി യ്‌ക്ക് പുറമേ ആ മത്സരത്തിൽ രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ഹാർദിക്ക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റും ഷഹീൻ അഫ്രീദി നേടിയിരുന്നു. സെപ്റ്റംബർ 10 ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിൽ ഏറ്റുമുട്ടുന്നത്.