Skip to content

നേപ്പാൾ താരത്തിന് ഓട്ടോഗ്രാഫ് !! രോഹിത് ശർമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

ഏഷ്യ കപ്പ് മത്സരത്തിന് ശേഷം നേപ്പാൾ താരം സന്ദീപ് ലാമിചാനെയ്ക്ക് ഓട്ടോഗ്രാഫ് നൽകികൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ വിമർശനവുമായി ആരാധകർ രംഗത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കുറ്റാരിപിതനായ താരം ഇപ്പോൾ ജാമ്യത്തിലിറങ്ങിയാണ് നേപ്പാളിനായി കളിക്കുന്നത്.

ഈ താരത്തെ ടീമിലെടുത്തതിൽ വലിയ പ്രതിഷേധം നേപ്പാളിൽ ഉയർന്നിരുന്നു. ഈ കുറ്റത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നേപ്പാൾ പോലീസ് സന്ദീപ് ലാമിചനെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് സസ്പെൻഡ് ചെയ്ത താരത്തെ പിന്നീട് ജയിൽ മോചിതനായ ശേഷം നേപ്പാൾ ടീമിൽ തിരിച്ചെടുത്തു.

ഇന്ത്യ നേപ്പാൾ മത്സരത്തിന് ശേഷമാണ് ഓട്ടോഗ്രാഫ് നൽകികൊണ്ട് രോഹിത് ശർമ്മ സന്ദീപ് ലാമിച്ചനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇന്ത്യൻ ക്യാപ്റ്റൻ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും സോഷ്യൽ മീഡിയയിൽ ആരാധകർ പ്രതികരിച്ചു.

ഈ വർഷം ആദ്യം നേപ്പാളിൽ നടന്ന ക്വാളിഫയർ മത്സരത്തിന് ശേഷം കൈകൊടുത്ത് പിരിയവെ സ്കോട്ലൻഡ് ടീമിലെ താരങ്ങൾ ആരോപണവിധേയനായ സന്ദീപ് ലാമിച്ചനെ കൈകൊടുത്ത് അഭിവാദ്യം ചെയ്യുവാൻ വിസമ്മതിച്ചിരുന്നു. ഇത്തരത്തിൽ ആരോപണം നേരിടുന്ന വ്യക്തിയെ ഏഷ്യ കപ്പിൽ കളിക്കാൻ അനുവദിച്ചതും തെറ്റാണെന്ന വിമർശനവും ഉയരുന്നുന്നുണ്ട്.