Skip to content

ഐസിസി ഏകദിന റാങ്കിങിൽ പാക് താരത്തിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഇന്ത്യ 10 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഗില്ലും ഫിഫ്റ്റി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് റാങ്കിങിൽ പാക് താരത്തെ ഗിൽ പിന്നിലാക്കിയത്.

പാകിസ്താൻ ഓപ്പണർ ഇമാം ഉൾ ഹഖിനെ പിന്നിലാക്കികൊണ്ടാണ് ഗിൽ ഏകദിന റാങ്കിങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 750 റേറ്റിംഗ് പോയിൻ്റാണ് താരത്തിനുള്ളത്. 732 പോയിൻ്റാണ് നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട ഇമാം ഉൾ ഹഖിനുള്ളത്. 777 പോയിൻ്റോടെ റാസി വാൻഡർ ഡസനാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ളത്. 882 എന്ന വലിയ വ്യത്യാസത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസം എതിരാളികൾ ഇല്ലാതെ റാങ്കിങിൽ തുടരുകയാണ്.

വിരാട് കോഹ്ലി പത്താം സ്ഥാനത്തും ക്യാപ്റ്റൻ രോഹിത് ശർമ്മ പതിനൊന്നാം സ്ഥാനത്തുമാണ് ഉളളത്. പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷൻ റാങ്കിങിൽ 24 ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ബൗളർമാരുടെ റാങ്കിങിൽ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷഹീൻ അഫ്രീദി റാങ്കിങിൽ അഞ്ചാം സ്ഥാനത്തെത്തി. എട്ടാം സ്ഥാനത്തുള്ള മൊഹമ്മദ് സിറാജാണ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബൗളർ.