Skip to content

ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണോ !! ബിസിസിഐയ്ക്കെതിരെ രംഗത്തെത്തി മുൻ പി സി ബി ചെയർമാൻ

ഇന്ത്യയ്ക്ക് പാകിസ്ഥാനോട് കളിച്ചുതോൽക്കുവാൻ ഭയമാണെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. മഴ ഭീഷണി ഉണ്ടായിട്ടും ഏഷ്യ കപ്പിലെ പാകിസ്ഥാനെതിരായ മത്സരം കൊളംബോയിൽ നിന്നും മാറ്റുവാൻ ഇന്ത്യ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു നജാം സേതിയുടെ ഈ വെല്ലുവിളി.

നജാം സേതി അധികാരത്തിലിരിക്കെയാണ് ഹൈബ്രിഡ് മോഡൽ എന്ന ആശയം പാകിസ്ഥാൻ മുൻപോട്ട് വെച്ച. ഇതിന് അംഗീകാരം ലഭിച്ചുവെങ്കിലും അവരുടെ ആവശ്യപ്രകാരം രണ്ടാം വേദിയായി യു എ ഇ തിരഞ്ഞെടുക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വിസമ്മതിക്കുകയും ശ്രീലങ്കയെ വേദിയായി തിരഞ്ഞെടുക്കുകയും ചെയ്തു.

ശ്രീലങ്കയിൽ നടന്ന ഇന്ത്യ പാകിസ്ഥാൻ ഗ്രൂപ്പ് മത്സരം മഴ മൂലം തടസ്സപെട്ടതോടെ വലിയ വിമർശനം നജാം സേതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ബിസിസിഐ ലക്ഷ്യമിട്ട് രംഗത്തെത്തിയിരിക്കുന്നത്.

മഴ ഭീഷണി മൂലം കൊളംബോയിൽ നടക്കേണ്ട മത്സരങ്ങൾ ഹമ്പൻടോട്ടയിലേക്ക് മാറ്റുകയാണെന്ന് ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ഇന്ന് രാവിലെ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ഒരു മണിക്കൂറിനകം ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയി കൊളംബോയിൽ തന്നെ മത്സരം നടത്തുവാൻ തീരുമാനിച്ചുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ഇന്ത്യയ്ക്ക് പാകിസ്ഥാനോട് കളിച്ച് തോൽക്കുവാൻ ഭയമാണോയെന്ന് പറയണമെന്നും നജാം സേതി X ൽ കുറിച്ചു.