Skip to content

ആവറേജ് നോക്കി മണ്ടന്മാരാകരുത് ! ആ താരത്തെ ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി മുൻ ചീഫ് സെലക്ടർ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്തിയതിനെതിരെ രംഗത്തെത്തി മുൻ താരവും മുൻ ചീഫ് സെലക്‌ടറും കൂടിയായ ക്രിസ് ശ്രീകാന്ത്.

2017 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച താക്കൂർ 40 മത്സരങ്ങളിൽ നിന്നും 59 വിക്കറ്റ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ പലകുറി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച താരത്തിന് ഏകദിനത്തിൽ ഇതുവരെയും ബാറ്റിങിൽ തിളങ്ങാനായിട്ടില്ല. എന്നാൽ ഷാർദുൽ താക്കൂറിൻ്റെ മികച്ച പ്രകടനങ്ങൾ വെസ്റ്റിൻഡീസ്, സിംബാബ്വെ എന്നീ ടീമുകളാടാണെന്നും ബാറ്റിങിലും കഴിവുണ്ടെന്ന് പറയുന്ന താരം എല്ലായ്പ്പോഴും പത്തിൽ കൂടുതൽ റൺസ് പോലും നേടാറില്ലയെന്നും കൂടാതെ പലപ്പോഴും 10 ഓവറുകൾ താക്കൂർ എറിയാറില്ലയെന്നും ശ്രീകാന്ത് വിമർശിച്ചു.

കളിക്കാരുടെ ആവറേജ് നോക്കി മണ്ടന്മാരാകരുതെന്ന് സെലക്ടർമാരോട് നിർദ്ദേശിച്ച അദ്ദേഹം വെസ്റ്റിൻഡീസ്, സിംബാബ്വെ തുടങ്ങിയ ടീമുകൾക്കെതിരായ പ്രകടനങ്ങളെ മുഖ വിലയ്ക്ക് എടുക്കരുതെന്നും ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ ടീമുകൾക്കെതിരായ പ്രകടനങ്ങൾ വിലയിരുത്തണമെന്നും അതുകൊണ്ട് തന്നെ ഓരോ മത്സരത്തിലെയും പ്രകടനം നോക്കിയാകണം ടീമുകളെ തിരഞ്ഞെടുക്കേണ്ടതെന്നും ക്രിസ് ശ്രീകാന്ത് പറഞ്ഞു.

മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ് എന്നിവർക്കൊപ്പം നാലാം പേസറായാണ് ഷാർദുൽ താക്കൂറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളിലും താരം കളിക്കുവാനുള്ള സാധ്യതയുമുണ്ട്. ഏതൊരു ഘട്ടത്തിലും എങ്ങനെയെങ്കിലും വിക്കറ്റ് നേടാനുള്ള കഴിവ് താരത്തിനുണ്ട്.