Skip to content

അവനെ ഒഴിവാക്കിയത് തിരിച്ചടിയാകും !! തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കാര്യമായ സർപ്രൈസുകൾ ഒന്നും തന്നെയില്ലാതെയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടികാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ടീം സെലക്ഷനിൽ തനിയ്ക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്നും എന്നാൽ യുസ്വെന്ദ്ര ചഹാലിനെ പോലെയൊരു സ്പിന്നറുടെ ആവശ്യകതയെ കുറിച്ച് പരിഗണിക്കാതിരുന്നത് നിരാശാജനകമായെന്നും ആകാശ് ചോപ്ര പറഞ്ഞു.

രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലെ സ്‌പിന്നർമാർ. എന്നാൽ ജഡേജയെയും അക്ഷർ പട്ടേലിനെയും ഒരുമിച്ച് കളിപ്പിക്കാനാകില്ലയെന്നും ഓസ്ട്രേലിയയെ പോലെ നിരവധി ഇടം കയ്യൻ ബാറ്റ്സ്മാന്മാർ ഉള്ള ടീമിനെതിരെ കളിക്കേണ്ടിവരുമ്പോൾ ഒരു ഓഫ് സ്പിന്നറുടെ സാന്നിദ്ധ്യം നിർണായകമാകുമെന്നും നിർഭാഗ്യവശാൽ ചഹാലിനെ ഒഴിവാക്കിയതോടെ ആ ഒപ്ഷൻ നമുക്ക് ലോകകപ്പിൽ ഉണ്ടാകില്ലയെന്നും ഈ തീരുമാനത്തിൽ ഭാവിയിൽ ഇന്ത്യയ്ക്ക് ഖേദം ഉണ്ടാവാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കട്ടെയെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഇതിന് മുൻപ് നടന്ന 2021 ടി20 ലോകകപ്പിലും ചഹാലിനെ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നില്ല. കൂടാതെ 2022 ലോകകപ്പിൽ താരം ഉണ്ടായിരുന്നുവെന്നും കളിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല.