Skip to content

എനിക്കോർമ്മ വരുന്നത് മാർക്ക് ബൗച്ചറിനെ !! അഫ്ഗാനിസ്ഥാൻ്റെ തോൽവിയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ തോൽവി തന്നെ 2003 ലോകകപ്പിലെ പ്രസിദ്ധമായ സൗത്താഫ്രിക്ക – ശ്രീലങ്ക പോരാട്ടം ഓർമ്മിപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്.

2003 ലോകകപ്പിൽ മാർക്ക് ബൗച്ചറിന് സംഭവിച്ചതിന് ഏറെക്കുറെ സമാനമായ കാര്യമാണ് ഏഷ്യ കപ്പിലെ ഈ പോരാട്ടത്തിലും സംഭവിച്ചത്. അന്ന് മുരളീധരൻ എറിഞ്ഞ ഫുൾ ടോസ് മാർക്ക് ബൗച്ചർ ഡിഫൻഡ് ചെയ്യുകയും മത്സരം ടൈയാവുകയും സൗത്താഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു. ആ പന്തിൽ സിംഗിൾ നേടിയിരുന്നുവെങ്കിൽ ജയിക്കാമായിരുന്നുവെന്ന വസ്തുത ബൗച്ചറിന് അറിയാമായിരുന്നു. ഇത് പിന്നീട് ചർച്ചാ വിഷയമാവുകയും ഷോൺ പൊള്ളോക്കിന് തൻ്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപെടുകയും ചെയ്തു.

സാങ്കേതിക സാധ്യതകളെ കുറിച്ച് കളിക്കാർക്ക് അറിയാതിരുന്നത് തന്നെയാണ് അഫ്ഗാൻ്റെ തോൽവിയ്ക്കും വഴിവെച്ചത്. കമൻ്റേറ്റർമാർ പോലും പല കുറി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടും അത്തരത്തിൽ മത്സരം വിജയിക്കാനുള്ള ശ്രമം അഫ്ഗാനിൽ നിന്നും ഉണ്ടായില്ല.

ഇപ്പോഴിതാ തോൽവിയിൽ സപ്പോർട്ട് സ്റ്റാഫിനെ കുറ്റപെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. അഫ്ഗാനിസ്താൻ വളരെ ധീരമായി പൊരുതിയെങ്കിലും അവസാന മൂന്ന് പന്തിൽ 6 റൺസ് നേടിയിരുന്നുവെങ്കിൽ യോഗ്യത നേടാമായിരുന്നുവെന്നുള്ള വസ്തുത അവർ അറിയാതെ പോയെന്നും ഇത് തന്നെ 2003 ലോകകപ്പിലെ മാർക്ക് ബൗച്ചറെ ഓർമ്മിപ്പിച്ചുവെന്നും ഇത്തരം സാഹചര്യങ്ങളിൽ സപ്പോർട്ട് സ്റ്റാഫ് കൂടുതൽ സജീവമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

292 റൺസിൻ്റെ വിജയലക്ഷ്യം 37.1 ഓവറിൽ മറികടന്നാൽ മാത്രമെ യോഗ്യത നേടാനാവൂവെന്നാണ് അഫ്ഗാൻ താരങ്ങൾ കരുതിയത്. എന്നാൽ സാങ്കേതികമായി മറ്റു സാധ്യതകളും ടീമിന് മുൻപിൽ ഉണ്ടായിരുന്നു. 37.3 ഓവറിൽ 294 റൺസ് നേടിയാലും 37.4 ഓവറിൽ 295 റൺസ് നേടിയാലും 38 ഓവറിൽ 296 റൺസ് നേടിയാലും 38.1 ഓവറിൽ 297 റൺസ് നേടി വിജയിച്ചിരുന്നാലും ശ്രീലങ്കയുടെ നെറ്റ് റൺ റേറ്റ് മറികടക്കാൻ അഫ്ഗാന് സാധിക്കുമായിരുന്നു.