Skip to content

തോൽവിയിലേക്ക് നയിച്ചത് അഫ്ഗാന് പറ്റിയ അമളി !! തോൽവിയിൽ സപ്പോർട്ട് സ്റ്റാഫും കുറ്റക്കാർ

ഏഷ്യ കപ്പ് നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് പരാജയപെട്ട് ഏഷ്യ കപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും സപ്പോർട്ട് സ്റ്റാഫ് അടക്കമുള്ളവരുടെ ഭാഗത്തുനിന്നും വന്ന പിഴവാണ് അഫ്ഗാൻ്റെ തോൽവിയിലേക്ക് നയിച്ചത്.

ശ്രീലങ്ക ഉയർത്തിയ 292 റൺസിൻ്റെ വിജയലക്ഷ്യം 37.1 ഓവറിൽ മറികടന്നാൽ മാത്രമേ അഫ്ഗാനിസ്ഥാന് സൂപ്പർ ഫോറിൽ പ്രവേശിക്കാൻ സാധിക്കൂവെന്നാണ് ഏവരും കരുതിയത്. ഇത് തന്നെയാണ് അഫ്ഗാൻ താരങ്ങളുടെ മനസ്സിലും ഉണ്ടായത്. എന്നാൽ സാങ്കേതികമായി മറ്റു സാധ്യതകൾ അഫ്ഗാനിസ്ഥാന് മുൻപിൽ ഉണ്ടായിരുന്നു.

37.1 ഓവറിൽ വിജയലക്ഷ്യം മറികടന്നില്ലെങ്കിൽ കൂടിയും 37.4 ഓവറിൽ 295 റൺസ് നേടി വിജയിച്ചിരുന്നുവെങ്കിൽ ശ്രീലങ്കയുടെ നെറ്റ് റൺ റേറ്റ് മറികടക്കാൻ അഫ്ഗാന് സാധിക്കുമായിരുന്നു. കൂടാതെ മത്സരം 38.1 ഓവരെ നീട്ടികൊണ്ട് 297 റൺസ് നേടി വിജയിച്ചാലും അഫ്ഗാനിസ്ഥാന് സൂപ്പർ ഫോറിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇക്കാര്യം അഫ്ഗാൻ താരങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് കളിയിൽ നിന്നും മനസ്സിലായത്. കമൻ്റേറ്റർമാരടക്കം ഇക്കാര്യം നിരവധി തവണ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം സപ്പോർട്ട് സ്റ്റാഫും കളിക്കാരുടെ ശ്രദ്ധയിൽ പെടുത്തിയില്ല എന്ന് വേണം മനസ്സിലാക്കാൻ.

37 ആം ഓവറിൽ മൂന്ന് ബൗണ്ടറി നേടികൊണ്ട് അഫ്ഗാൻ സ്കോർ 289 റൺസിൽ റാഷിദ് ഖാൻ എത്തിച്ചിരുന്നു. 38 ആം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ മുജീബ് റഹ്മാൻ പുറത്താവുകയും ചെയ്തു. ഇതോടെ റാഷിദ് ഖാൻ കടുത്ത നിരാശനാവുകയും ചെയ്തു. സാങ്കേതികമായി ഇനിയും സാദ്ധ്യതയുണ്ടെന്ന അറിവ് താരത്തിനുണ്ടായിരുന്നില്ല എന്ന് തന്നെയാണ് ആ നിരാശയിൽ നിന്നും മനസ്സിലായത്. പിന്നീടുള്ള മൂന്ന് പന്തിൽ ഫറൂഖി സിംഗിൾ നേടുകയും 37.4 ഓവറിനുള്ളിൽ ഒരു സിക്സ് പറത്തി വിജയിക്കുകയും ചെയ്തിരുന്നുവെങ്കിൽ അഫ്ഗാന് സൂപ്പർ ഫോറിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു.

എന്നാൽ കമൻ്റേറ്റർമാരെ പോലും ഞെട്ടിച്ച് ഫറൂഖി ആദ്യ രണ്ട് പന്ത് ഡിഫൻഡ് ചെയ്യുകയും മൂന്നാം പന്തിൽ പുറത്താവുകയും ചെയ്തു.