Skip to content

ഹൃദയം കീഴടക്കി അഫ്ഗാനിസ്ഥാൻ്റെ പോരാട്ടവീര്യം !! കഷ്ടിച്ച് വിജയിച്ച് ശ്രീലങ്ക സൂപ്പർ ഫോറിൽ

ഏഷ്യ കപ്പിലെ നിർണ്ണായക പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ പരാജയപെടുത്തി ശ്രീലങ്ക സൂപ്പർ ഫോറിൽ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 2 റൺസിനായിരുന്നു ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ 292 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാന് 37.4 ഓവറിൽ 289 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

292 റൺസിൻ്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാന് മുൻപിൽ ഉയർത്തിയത്. എന്നാൽ ശ്രീലങ്കയുടെ നെറ്റ് റൺ റേറ്റ് മറികടക്കാൻ 37.1 ഓവറിൽ അഫ്ഗാനിസ്ഥാന് ഈ വിജയലക്ഷ്യം മറികടക്കണമായിരുന്നു.

എന്നാൽ പ്രതീക്ഷിച്ച പോലെ മികച്ച തുടക്കം അഫ്ഗാന് ലഭിച്ചില്ല. 27 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും അഫ്ഗാന് നഷ്ടമായി. പിന്നീട് 40 പന്തിൽ 45 റൺസ് നേടിയ റഹ്മത്ത് ഷായും 59 റൺസ് നേടിയ ക്യാപ്റ്റൻ ഷാഹിദിയും അഫ്ഗാനെ തിരിച്ചെത്തിച്ചുവെങ്കിലും ആറാമനായി എത്തിയ മൊഹമ്മദ് നബി തകർത്തടിച്ചതോടെയാണ് മത്സരത്തിൻ്റെ ഗതി തന്നെ മാറിയത്.

വെറും 24 പന്തിൽ ഫിഫ്റ്റി നേടിയ നബി 32 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 65 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് 16 പന്തിൽ 27 റൺസ് നേടിയ റാഷിദ് ഖാൻ തകർത്തടിച്ചുവെങ്കിലും 37.1 ഓവറിൽ വിജയം നേടാൻ സാധിച്ചില്ലെന്ന് മാത്രമല്ല 289 റൺസിന് അഫ്ഗാനിസ്താൻ ഓൾ ഔട്ടാവുകയും ചെയ്തു. 37.1 ഓവറിൽ ഫിനിഷ് ചെയ്തില്ലെങ്കിൽ കൂടിയും 37.4 ഓവറിൽ സിക്സ് നേടി 295 റൺസ് നേടിയെങ്കിൽ അഫ്ഗാന് സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ അഫ്ഗാൻ താരങ്ങളിൽ ആശയകുഴപ്പം നിലനിന്നിരുന്നു. ഇതോടെ 37 ആം ഓവറിൽ സിംഗിൾ നേടി റാഷിദ് ഖാന് സ്ട്രൈക്ക് കൈമാറാനുള്ള ശ്രമവും മറ്റുള്ളവരിൽ നിന്നും ഉണ്ടായില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയിരുന്നു. 84 പന്തിൽ 6 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 92 റൺസ് നേടിയ കുശാൽ മെൻഡിസാണ് ശ്രീലങ്കയ്ക്കായി തിളങ്ങിയത്.

അഫ്ഗാനിസ്ഥാനായി ഗുൽബാദിൻ പത്തോവറിൽ 60 റൺസ് വഴങ്ങി നാല് വിക്കറ്റും റാഷിദ് ഖാൻ രണ്ട് വിക്കറ്റും മുജീബ് റഹ്മാൻ ഒരു വിക്കറ്റും നേടി.