Skip to content

അവനോട് ബഹുമാനം മാത്രം !! വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് പാക് ക്യാപ്റ്റൻ്റെ മറുപടി ഇങ്ങനെ

ഏഷ്യ കപ്പിൽ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ വിരാട് കോഹ്ലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം.

വിരാട് കോഹ്ലിയോട് തനിയ്ക്ക് ബഹുമാനം മാത്രമാണ് ഉള്ളതെന്നായിരുന്നു ബാബർ അസമിൻ്റെ പ്രതികരണം.

” എനിക്ക് കോഹ്ലിയോട് ബഹുമാനം മാത്രമാണ് ഉളളത്. അദ്ദേഹം എന്നേക്കാൾ മുതിർന്നയാളാണ്. എല്ലായ്പ്പോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്. കരിയറിൻ്റെ തുടക്കത്തിൽ അദ്ദേഹത്തിനൊപ്പം കളിച്ചപ്പോൾ ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നും ഒരുപാട് സഹായം എനിക്ക് ലഭിച്ചു. പുറത്തുള്ളവർ എന്താണ് പറയുന്നതെന്ന് അറിയില്ല. അത് അവർക്ക് തന്നെ വിടുന്നു. ” ബാബർ അസം പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ കൂടുതൽ സമ്മർദ്ദമില്ലെന്നും എന്നാൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങൾ എല്ലായ്പോഴും തീവ്രത നിറഞ്ഞതാണെന്നും മികച്ച പരിചയ സമ്പത്തുള്ള താരങ്ങൾ തങ്ങൾക്ക് ഉണ്ടെന്നും തങ്ങളുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബാബർ അസം പറഞ്ഞു.