Skip to content

ഏഷ്യ കപ്പ് : നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മുൾട്ടാനിൽ നടന്ന മത്സരത്തിലായിരുന്നു പാക് ക്യാപ്റ്റൻ്റെ തകർപ്പൻ സെഞ്ചുറി. ബാബറിനൊപ്പം ഇഫ്തിഖാർ അഹമ്മദും മത്സരത്തിൽ സെഞ്ചുറി കുറിച്ചു.

മത്സരത്തിൽ ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് പാകിസ്ഥാൻ നേടി. ഏകദിന ക്രിക്കറ്റിലെ തൻ്റെ പത്തൊമ്പതാം സെഞ്ചുറിയാണ് ബാബർ അസം നേടിയത്. 109 പന്തിൽ സെഞ്ചുറി കുറിച്ച ബാബർ 131 പന്തിൽ 14 ഫോറും 4 സിക്സും ഉൾപ്പെടെ 151 റൺസ് അടിച്ചുകൂട്ടി.

മറുഭാഗത്ത് ഇഫ്തിഖാർ അഹമ്മദ് 71 പന്തിൽ നിന്നും 11 ഫോറും 4 സിക്സും ഉൾപ്പെടെ 109 റൺസ് നേടി പുറത്താകാതെ നിന്നു. മൊഹമ്മദ് റിസ്വാൻ 50 പന്തിൽ 44 റൺസ് നേടി.

ഒരു ഘട്ടത്തിൽ 124 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഗംഭീര തിരിച്ചുവരവ് പാകിസ്ഥാൻ നടത്തിയത്. അഞ്ചാം വിക്കറ്റിൽ ബാബർ അസമും ഇഫ്തിഖാർ അഹമ്മദും ചേർന്ന് 214 റൺസ് കൂട്ടിച്ചേർത്തിരുന്നു.