Skip to content

പാകിസ്ഥാനിലേക്ക് പോകുവാൻ യാതൊരു മടിയുമില്ല ! വാർത്തകൾ സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ്

പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങൾ കാണുവാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ക്ഷണം സ്വീകരിച്ചതായി സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി. താനും ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും പാകിസ്ഥാൻ സന്ദർശിക്കുമെന്ന സ്ഥിരീകരണമാണ് റോജർ ബിന്നി നൽകിയിരിക്കുന്നത്.

നേരത്തെ ബിസിസിഐ ക്ഷണം സ്വീകരിച്ചുവെന്നും ക്ഷണം നിരാകരിച്ചുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ പ്രസിഡൻ്റ് തന്നെ അവ്യക്തത നീക്കിയിരിക്കുകയാണ്.

സെപ്റ്റംബർ നാലിന് ലാഹോറിൽ നടക്കുന്ന ശ്രീലങ്ക – പാകിസ്ഥാൻ പോരാട്ടത്തിന് ഇരുവരും മുഖ്യാതിഥികളായി പങ്കെടുക്കും. ഇത് കൂടാതെ ഇരുവരെയും പ്രത്യേക അത്താഴ വിരുന്നിനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ക്ഷണിച്ചിട്ടുണ്ട്.

” പാകിസ്ഥാനിലേക്ക് പോകുവാൻ എനിക്ക് യാതൊരു മടിയുമില്ല. എൻ്റെ പാകിസ്ഥാൻ സന്ദർശനങ്ങൾ എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നതായിരുന്നു. പാകിസ്ഥാനിൽ വളരെ ആതിഥ്യ മര്യാദയുള്ളവരാണ്. ” റോജർ ബിന്നി പറഞ്ഞു.

1996 ന് ശേഷം ഇതാദ്യമായാണ് ഒരു മേജർ ടൂർണമെൻ്റിന് പാകിസ്ഥാൻ വേദിയാകുന്നത്. ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരവും പാകിസ്ഥാനിലെ മുൾട്ടാണിൽ വെച്ചാണ് നടക്കുക. ഇന്ത്യ ഒഴികെ ബാക്കിയുള്ള ടീമുകൾ എല്ലാം തന്നെ പാകിസ്ഥാനിൽ കളിക്കും.