Skip to content

വെറും 26 പന്തിൽ ഫിഫ്റ്റി !! പാക് ബൗളർമാരെ അടിച്ചൊതുക്കി അഫ്ഗാൻ സ്പിന്നർ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കൊണ്ട് ഞെട്ടിച്ച് അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പരാജയപെട്ടുവെങ്കിലും മുജീബ് റഹ്മാൻ്റെ പ്രകടനം ആരാധകർക്ക് വിരുന്നായി.

മത്സരത്തിൽ 59 റൺസിന് വിജയിച്ച പാകിസ്ഥാൻ പരമ്പര 3-0 ന് സ്വന്തമാക്കിയിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 269 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അഫ്ഗാനിസ്ഥാന് 209 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മുൻനിരയും മധ്യനിരയും തകർന്നപ്പോൾ അവിശ്വസനീയ പ്രകടനത്തിലൂടെ മുജീബ് റഹ്മാൻ പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 26 പന്തിൽ ഫിഫ്റ്റി നേടിയ താരം 37 പന്തിൽ 5 ഫോറും 5 സിക്സും ഉൾപ്പടെ 64 റൺസ് നേടിയാണ് പുറത്തായത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന അഫ്ഗാൻ ബാറ്റ്സ്മാനെന്ന നേട്ടവും ഇതോടെ മുജീബ് റഹ്മാൻ സ്വന്തമാക്കി.

മത്സരത്തിൽ പാകിസ്ഥാനായി ഷദാബ് ഖാൻ മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.