Skip to content

എന്നിട്ടും അവരെന്നെ അവഗണിച്ചു !! ഇന്ത്യൻ ടീമിൽ നിന്നും നേരിട്ട അവഗണനയെ കുറിച്ച് വസീം ജാഫർ

ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നതിനെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ആഭ്യന്തര ക്രിക്കറ്റിൽ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന താരത്തിന് എന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.

2000 ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം 2008 ലാണ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഇതിനിടെ വെറും 33 മത്സരങ്ങളിൽ മാത്രമാണ് താരം ഇന്ത്യക്കായി കളിച്ചത്. 2008 ന് ശേഷവും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും തന്നെ പരിഗണിക്കാൻ സെലക്‌ടർമാർ തയ്യാറായിരുന്നില്ലയെന്നും സെലക്‌ടർമാരുടെ മറുപടി തന്നെ ഞെട്ടിച്ചിരുന്നുവെന്നും വസീം ജാഫർ വെളിപ്പെടുത്തി.

” തീർച്ചയായും ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കാത്തതിൽ എനിക്ക് ഖേദമുണ്ട്. 2008 ന് ശേഷം എന്നെ പരിഗണിക്കാൻ പോലും അവർ തയ്യാറായില്ല. ഒരു സെലക്ടറോട് സംസാരിച്ചത് ഞാൻ ഓർക്കുന്നു. എനിക്ക് അപ്പുറത്തേക്ക് ഒരാളെയാണ് നോക്കുന്നതെന്നായിരുന്നു അവരുടെ മറുപടി. എനിക്ക് വളരെ ആശ്ചര്യം തോന്നി. കാരണം ഒരു കളിക്കാരൻ പക്വത പ്രാപിക്കുന്ന പ്രായമായിരുന്നു എൻ്റേത്. ”

” അതേ വർഷം തന്നെ ഞാൻ മുംബൈയുടെ ക്യാപ്റ്റനാവുകയും ഞങ്ങൾ തുടർച്ചയായി ചാമ്പ്യന്മാരാവുകയും ചെയ്തു. ആ വർഷം രഞ്ജിയിൽ ഞാൻ 1200 ലധികം റൺസ് നേടിയിരുന്നു, ആ സീസൺ നോക്കിയാൽ 2000 ലധികം റൺസ് ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ നേടിയിരുന്നു. ” വസീം ജാഫർ പറഞ്ഞു.

ഇറാനി ട്രോഫിയിൽ 2012 ൽ മികച്ച പ്രകടനം താൻ പുറത്തെടുത്തുവെന്നും എന്നാൽ ശിഖാർ ധവാനാണ് ടീമിൽ ഇടം പിടിച്ചതെന്നും തനിക്ക് ലഭിച്ച അവസാന അവസരം അതായിരുന്നുവെന്നും വസീം ജാഫർ കൂട്ടിച്ചേർത്തു.