Skip to content

പോലീസല്ല !! സുരക്ഷ ഉറപ്പാക്കാൻ ആർമിയെ ഇറക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം വലിയ ക്രിക്കറ്റ് ടൂർണമെൻ്റിന് വേദിയാകുവാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. നീണ്ട അനിശ്ചിതത്തിന് ശേഷമാണ് ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലിൽ പാകിസ്ഥാനിൽ നടത്താമെന്ന ധാരണയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എത്തിയത്. ഇനി പാകിസ്ഥാൻ നേരിടുന്ന വെല്ലുവിളി പഴുതടച്ച സുരക്ഷ ഉറപ്പാക്കുകയെന്നതാണ്.

മുൻപത്തെ പോലെ തന്നെ പാകിസ്ഥാൻ ആർമിയ്ക്ക് തന്നെയാണ് പ്രധാന സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളുടെ പര്യടനവും പാകിസ്ഥാൻ സൂപ്പർ ലീഗും പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെ നടത്തുവാൻ കഴിഞ്ഞതൻ്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാനുള്ളത്.

ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 6 വരെ ശക്തമായ സുരക്ഷ പാകിസ്ഥാനിൽ ഏർപ്പെടുത്തും. അതേ സമയം ആവശ്യമെങ്കിൽ സേനയും സജ്ജമായിരിക്കും. പാകിസ്ഥാൻ ആർമിയ്ക്കൊപ്പം പഞ്ചാബ് റേഞ്ചേഴ്സിൻ്റെയും സേവനം പി സി ബി ആവശ്യപെട്ടിട്ടുണ്ട്. ഭീമമായ തുകയാണ് സുരക്ഷയ്ക്ക് വേണ്ടി മാത്രമായി ഓരോ പരമ്പരയ്ക്കും പാകിസ്ഥാൻ ചിലവഴിക്കേണ്ടിവരിക. 2025 ചാമ്പ്യൻസ് ട്രോഫിയുടെയും ആതിഥേയത്വം സ്വന്തമാക്കിയതിനാൽ ഏഷ്യ കപ്പ് ഭംഗിയായി നടത്തുകയാകും പാകിസ്ഥാൻ്റെ ലക്ഷ്യം.

ഇന്ത്യ ഒഴിച്ച് ബാക്കിയുള്ള ടീമുകൾ പാകിസ്ഥാനിൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഓഗസ്റ്റ് 30 ന് മുൾട്ടാനിൽ നേപ്പാളും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തോടെയാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്.