Skip to content

ബിസിസിഐയ്ക്ക് മോഹങ്ങൾക്ക് തിരിച്ചടി !! പിച്ച് ക്യൂറേറ്റർമാർക്ക് കടുത്ത നിർദ്ദേശവുമായി ഐസിസി

ഐസിസി ഏകദിന ലോകകപ്പിൽ സ്പിൻ പിച്ചൊരുക്കി എതിരാളികളെ വീഴ്ത്താനുള്ള ബിസിസിഐയുടെ മോഹങ്ങൾക്ക് തിരിച്ചടി. പിച്ച് നിർമ്മാണത്തിൽ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കടുത്ത നിർദ്ദേശം നൽകിയിരിക്കുകയാണ് ഐസിസി.

ബാറ്റിങിന് അനുകൂലമായ പിച്ചുകൾ ഒരുക്കണമെന്ന നിർദ്ദേശമാണ് അസോസിയേഷനുകൾക്ക് ഐസിസി നൽകിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം തന്നെ ശരാശരി സ്കോർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ലോകകപ്പിൽ ശരാശരി സ്കോർ വീണ്ടും ഉയർത്താനാണ് ഐസിസി ലക്ഷ്യമിടുന്നത്.

2011 ലോകകപ്പിൽ ശരാശരി ആദ്യ ഇന്നിംഗ്സ് സ്കോർ 241 ആയിരുന്നു, 2015 ലോകകപ്പിൽ അത് 275 ഉം കഴിഞ്ഞ ലോകകപ്പിൽ അത് 276 ആയി മാറി. സ്പിൻ പിച്ചുകൾ ഒരുക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന് ഈ നിർദ്ദേശങ്ങൾ വെല്ലുവിളിയാകും. പിച്ചുകൾ ബാറ്റിങിന് അനുകൂലമായാൽ അത് ഗുണം ചെയ്യുക ഇംഗ്ലണ്ടിനെ പോലെയുള്ള ടീമുകൾക്കാകും. മികച്ച ബാറ്റിങ് നിരയുള്ളതിനാൽ സ്പിൻ പിച്ചുകൾക്ക് പകരം മികച്ച ബാറ്റിങ് പിച്ച് ഒരുക്കുകയാകും ഇന്ത്യയ്ക്കും നല്ലത്. മുൻപത്തെ പോലെ സ്പിന്നർമാരെ നന്നായി നേരിടുന്ന ബാറ്റിങ് നിര ഇന്ത്യയ്ക്കില്ല എന്നത് തന്നെയാണ് അതിന് കാരണം.

ഔട്ട് ഫീൽഡിലും നിർണായക നിർദ്ദേശങ്ങൾ ഐസിസി നൽകിയിട്ടുണ്ട്. പന്തിൻ്റെ വേഗതയ്ക്കായി പുല്ല് കൂടുതലായി വെട്ടരുതെന്ന് അസോസിയേഷനുകൾ ഉറപ്പാക്കണം.