Skip to content

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം !! ധോണിയുടെ റെക്കോർഡ് തകർത്ത് അഫ്ഗാൻ ഓപ്പണർ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മനുള്ള ഗുർബാസ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ തകർന്ന അഫ്ഗാനെ ഇക്കുറി സെഞ്ചുറിനേടികൊണ്ടാണ് താരം മികച്ച സ്കോറിൽ എത്തിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ റെക്കോർഡ് ഗുർബാസ് തകർത്തു.

മത്സരത്തിൽ 151 പന്തിൽ 14 ഫോറും 3 സിക്സും ഉൾപ്പെടെ 151 റൺസ് നേടിയാണ് ഗുർബാസ് പുറത്തായത്. ഈ പ്രകടനത്തോടെ പാകിസ്ഥാനെതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഗുർബാസ് സ്വന്തമാക്കി.

2005 ൽ പാകിസ്ഥാനെതിരെ 123 പന്തിൽ 148 റൺസ് നേടിയ എം എസ് ധോണിയെയാണ് ഈ റെക്കോർഡിൽ ഗുർബാസ് പിന്നിലാക്കിയത്. പാകിസ്ഥാനെതിരെ 150+ റൺസ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഇതോടെ താരം സ്വന്തം പേരിൽ കുറിച്ചു.

ഏകദിനത്തിൽ 23 മത്സരങ്ങൾ മാത്രം കളിച്ച താരത്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. ഇതിനോടകം 43.09 ശരാശരിയിൽ 948 റൺസ് ഗുർബാസ് നേടിയിട്ടുണ്ട്. ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് ഗർബാസ് കളിക്കുന്നത്.