Skip to content


തീയായി പാക് പേസർമാർ !! അഫ്ഗാനിസ്ഥാൻ ചാരം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് ഗംഭീര വിജയം. കൂറ്റൻ സ്കോർ കുറിക്കാനായില്ലെങ്കിൽ കൂടിയും 142 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. ഹാരിസ് റൗഫിൻ്റെ ഗംഭീര പ്രകടനമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 202 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അഫ്ഗാന് 19.2 ഓവറിൽ 59 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമായി. രണ്ട് താരങ്ങൾ മാത്രമാണ് അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്നത്.

6.2 ഓവറിൽ 15 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് അഫ്ഗാനിസ്ഥാനെ തകർത്തത്. ഷഹീൻ അഫ്രീദി 9 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 61 റൺസ് നേടിയ ഇമാം ഉൾ ഹഖിൻ്റെ മികവിലാണ് 202 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് റഹ്മാൻ മൂന്ന് വിക്കറ്റും റാഷിദ് ഖാൻ, മൊഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ 1-0 ന് മുൻപിലെത്തി.