Skip to content

ജയ് ഷാ പാകിസ്ഥാനിലേക്കോ !! ബിസിസിഐ സെക്രട്ടറിയെ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഈ മാസം അവസാനത്തോടെ പാകിസ്ഥാനിൽ ആരംഭിക്കുന്ന ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും കൂടിയായ ജയ് ഷായെ ക്ഷണിച്ച് പാകിസ്ഥാൻ.

ഓഗസ്റ്റ് 30 ന് മുൾട്ടാനിൽ പാകിസ്താനും നേപ്പാളും തമ്മിലുളള പോരാട്ടത്തോടെയാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. ഈ മത്സരമടക്കം നാല് മത്സരങ്ങളാണ് പാകിസ്ഥാനിൽ നടക്കുന്നത്. ഇന്ത്യ ഒഴിച്ചുള്ള ബാക്കി എല്ലാ ടീമുകൾക്കും പാകിസ്ഥാനിൽ മത്സരമുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾ എല്ലാം തന്നെ ശ്രീലങ്കയിലായിരിക്കും നടക്കുക.

ഡർബനിൽ നടന്ന ഐസിസി മീറ്റിങിൽ അടക്കം ജയ് ഷായെ പാക് ക്രിക്കറ്റ് ബോർഡ് ഏഷ്യ കപ്പിനായി ക്ഷണിച്ചിരുന്നുവെന്നാണ് പാക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ജയ് ഷായെ കൂടാതെ മറ്റു ക്രിക്കറ്റ് ബോർഡുകളിലെ തലവന്മാരെയും കൂടാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവന്മാരെയും പാകിസ്ഥാൻ ക്ഷണിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലൻഡും അടക്കമുള്ള ടീമുകൾ ഇതിനോടകം പാകിസ്ഥാനിൽ പര്യടനം നടത്തികഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗും നിലവിൽ പാകിസ്ഥാനിൽ തന്നെയാണ് നടക്കുന്നത്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മൾട്ടി നാഷണൽ ടൂർണമെൻ്റ് പാകിസ്ഥാനിൽ നടക്കുന്നത്.

ഏഷ്യ കപ്പിനായി ഇന്ത്യയെ എത്തിക്കാൻ വലിയ സമ്മർദ്ദം പാകിസ്ഥാൻ ചെലുത്തിയിരുന്നു. ലോകകപ്പ് തങ്ങൾ ബഹിഷ്കരിക്കുമെന്ന ഭീഷണി പോലും പാകിസ്ഥാനിൽ നിന്നും ഉണ്ടായി. എന്നാൽ ഇതൊന്നും ബിസിസിഐയുടെ അടുത്ത് ചിലാവായില്ലയെങ്കിലും ഹൈബ്രിഡ് മോഡലിൽ ബിസിസിഐയുടെ സമ്മതം നേടിയെടുക്കാൻ പാകിസ്ഥാനായി.