Skip to content

ബ്രോഡ് ദി ഹീറോ !! ഇങ്ങനെയൊരു പടിയിറക്കം ചരിത്രത്തിൽ ഇതാദ്യം

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇംഗ്ലണ്ട് ഇതിഹാസം സ്റ്റുവർട്ട് ബ്രോഡിന് രാജകീയ പടിയിറക്കം. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ വിജയത്തോടെയാണ് ബ്രോഡിന് ഇംഗ്ലണ്ട് ടീം വിടവാങ്ങൽ നൽകിയത്.

അഞ്ചാം ടെസ്റ്റിൽ 49 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. അവസാന വിക്കറ്റ് നേടികൊണ്ട് ബ്രോഡ് തന്നെ ഇംഗ്ലണ്ടിന് വിജയം നേടികൊടുത്തത് ഇംഗ്ലണ്ട് വിജയത്തിൻ്റെ മാറ്റ് കൂട്ടി. അലക്‌സ് കാരിയെ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചുകൊണ്ടാണ് ബ്രോഡ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഇതോടെ ടെസ്റ്റ് കരിയറിൽ താനെറിഞ്ഞ അവസാന പന്തിൽ വിക്കറ്റും താൻ നേരിട്ട പന്തിൽ സിക്സും നേടുവാൻ ബ്രോഡിന് സാധിച്ചു.

ടെസ്റ്റിൽ 167 മത്സരങ്ങളിൽ നിന്നും 604 വിക്കറ്റ് നേടിയാണ് സ്റ്റുവർട്ട് ബ്രോഡ് വിടവാങ്ങുന്നത്. ടെസ്റ്റിൽ 600 ലധികം വിക്കറ്റ് നേടിയിട്ടുള്ള രണ്ടാമത്തെ മാത്രം പേസ് ബൗളറാണ് സ്റ്റുവർട്ട് ബ്രോഡ്.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 384 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഓസ്ട്രേലിയക്ക് 334 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇംഗ്ലണ്ട് വിജയത്തോടെ പരമ്പര 2-2 ന് സമനിലയിൽ കലാശിച്ചു.