Skip to content

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ആദ്യ ഓവറിൽ നാല് വിക്കറ്റുമായി ഷഹീൻ അഫ്രീദി

ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റിൽ ഗംഭീര പ്രകടനവുമായി പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. നോട്ടിങ്ഹാംഷെയറും ബിർമിങ്ഹാം ബെയേഴ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ആദ്യ ഓവറിൽ നാല് വിക്കറ്റ് നേടികൊണ്ട് ഷഹീൻ അഫ്രീദി ഞെട്ടിച്ചത്. ടി20 ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ബൗളർ ആദ്യ ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തുന്നത്.

ആദ്യ പന്ത് വൈഡായി ബൗണ്ടറിയായി അഞ്ച് റൺസ് വിട്ടുകൊടുത്ത ശേഷമാണ് ഈ ഗംഭീര പ്രകടനം ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. ആദ്യ രണ്ട് ലീഗൽ ഡെലിവറിയിൽ വിക്കറ്റ് നേടിയ താരം പിന്നീടുള്ള രണ്ട് പന്തിൽ സിംഗിൾ വഴങ്ങി. തുടർന്ന് ഓവറിലെ അവസാന രണ്ട് പന്തിലും പാക് പേസർ വിക്കറ്റ് വീഴ്ത്തി.

ഈ സീസണിൽ ഗംഭീര പ്രകടനമാണ് നോട്ടിങ്ഹാംഷെയറിനായി താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 13 മത്സരങ്ങളിൽ നിന്നും ഇതിനോടകം 20 വിക്കറ്റ് താരം നേടികഴിഞ്ഞു. ആദ്യ ഓവറിൽ നാല് വിക്കറ്റ് നേടിയെങ്കിലും മത്സരത്തിൽ പിന്നീട് വിക്കറ്റ് വീഴ്ത്താൻ താരത്തിന് സാധിച്ചില്ല.