Skip to content

തിരിച്ചുവരവിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ജോണി ബെയർസ്റ്റോ

പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ. എഡ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിലാണ് ഗംഭീര പ്രകടനം താരം കാഴ്ച്ചവെച്ചത്.

നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബെയർസ്റ്റോ കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ബെൻ ഫോക്സിനെ ഒഴിവാക്കികൊണ്ടായിരുന്നു ബെയർസ്റ്റോയെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയത്. ബെൻ ഫോക്സിനെ ഒഴിവാക്കിയ തീരുമാനം ചില ആരാധകരിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ തിരിച്ചുവരവിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ബെയർസ്റ്റോ.

78 പന്തിൽ 12 ഫോറടക്കം 78 റൺസ് നേടിയാണ് ജോണി ബെയർസ്റ്റോ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിലെ ജോണി ബെയർസ്റ്റോയുടെ 24 ആം ഫിഫ്റ്റിയാണിത്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ ഏകദിന ശൈലിയാണ് ഇംഗ്ലണ്ട് താരങ്ങൾ എല്ലാവരും തന്നെ ബാറ്റ് വീശിയത്. ഓപ്പണർ സാക്ക് ക്രോലി 73 പന്തിൽ 61 റൺസ് നേടിയപ്പോൾ ഹാരി ബ്രൂക്ക് 37 പന്തിൽ 32 റൺസും ഒല്ലി പോപ്പ് 31 റൺസും നേടി പുറത്തായി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന് മികവ് പുലർത്താൻ സാധിച്ചില്ല. ഒരു റൺ മാത്രം നേടിയ താരത്തെ ഹേസൽവുഡ് പുറത്താക്കുകയായിരുന്നു.