Skip to content

ലോകകപ്പിലും ഇത് തന്നെ പറയുമോ ? രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഫൈനലിലെ തോൽവിയ്ക്ക് ശേഷമുള്ള രോഹിത് ശർമ്മയുടെ പ്രസ്താവനയാണ് ഹർഭജൻ സിങിനെ ചൊടിപ്പിച്ചത്.

ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഫൈനൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയാക്കി നടത്തണമെന്ന് രോഹിത് ശർമ്മ ആവശ്യപെട്ടിരുന്നു. രണ്ട് വർഷത്തെ കഠിന പ്രയത്നത്തിന് ശേഷം വിജയിക്കാൻ ഒരു അവസരം മാത്രം നൽകുന്നത് ശരിയല്ലെന്നായിരുന്നു രോഹിത് ശർമ്മയുടെ പ്രതികരണം.

” ഏകദിന ലോകകപ്പിൽ എന്ത് സംഭവിക്കും ? മൂന്ന് ഫൈനൽ വേണമെന്ന് അവൻ പറയുമോ ? ഫൈനൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലായിരുന്നുവെങ്കിൽ ഇതേ കാര്യം അവൻ പറയുമോ ? ഇല്ല അവൻ പറയില്ല. ഒരു ഫൈനൽ മാത്രമാണ് വേണ്ടത്. ഏകദിന ലോകകപ്പിൽ ഒരു ഫൈനൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു ഫൈനൽ. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ, ടെന്നീസ് ഇവൻ്റുകളിൽ എല്ലാം ഒരു ഫൈനൽ മാത്രമാണ് ഉള്ളത്. ” ഹർഭജൻ സിങ് പറഞ്ഞു.

രോഹിത് ശർമ്മയ്ക്കെതിരെ ഇക്കാര്യത്തിൽ സുനിൽ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു. ഇനി മൂന്ന് മത്സരങ്ങളുടെ ഫൈനൽ ലഭിച്ച് അതിൽ തോറ്റാൽ അഞ്ച് മത്സരങ്ങൾ വേണമെന്നായിരിക്കും കളിക്കാർ ആവശ്യപെടുന്നതെന്നും ഫൈനലെന്നത് ഒരേയൊരു അവസരം മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.