Skip to content

ഇന്ത്യൻ പോരാട്ടം അവസാനിച്ചു ! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻന്മാരായി ഓസ്ട്രേലിയ. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 209 റൺസിന് തകർത്തുകൊണ്ടാണ് ഓസ്ട്രേലിയ ചാമ്പ്യന്മാരായത്. നാലാം ദിനം മികച്ച പോരാട്ടം കാഴ്ച്ചവെച്ച ഇന്ത്യ അഞ്ചാം ദിനം തകരുകയായിരുന്നു.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 444 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 234 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിരാട് കോഹ്ലിയെയും രവീന്ദ്ര ജഡേജയെയും ഒരോവറിൽ പുറത്താക്കികൊണ്ട് സ്കോട്ട് ബോളണ്ടാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. കോഹ്ലി 49 റൺസ് നേടിയപ്പോൾ ജഡേജയ്ക്ക് റൺസൊന്നും നേടുവാൻ സാധിച്ചില്ല.

പിന്നാലെ 46 റൺസ് നേടിയ രഹാനെയെ മിച്ചൽ സ്റ്റാർക്ക് പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയ താക്കൂറിനെ പൂജ്യത്തിനും 23 റൺസ് നേടിയ കെ എസ് ഭര തിനെ നേതൻ ലയണും പുറത്താക്കി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 173 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ 270 റൺസ് നേടി രണ്ടാം ഇന്നിങ്സിൽ ഡിക്ലയർ ചെയ്തുകൊണ്ടാണ് 444 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുൻപിൽ ഉയർത്തിയത്. 66 റൺസ് നേടിയ അലക്സ് കാരിയായിരുന്നു ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ.

ആദ്യ ഇന്നിംഗ്സിൽ 89 റൺസ് നേടിയ അജിങ്ക്യ രഹാനെ, 51 റൺസ് നേടിയ ഷാർദുൽ താക്കൂർ, 48 റൺസ് നേടിയ രവീന്ദ്ര ജഡേജ എന്നിവരുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 296 റൺസ് നേടികൊണ്ട് ഓസ്ട്രേലിയൻ ലീഡ് ഇന്ത്യ പരമാവധി കുറച്ചത്.

174 പന്തിൽ 163 റൺസ് നേടിയ ട്രാവിസ് ഹെഡ്, 121 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 469 റൺസ് ഓസ്ട്രേലിയ നേടിയത്.