Skip to content

മറച്ചുവെച്ചില്ല ! അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ശുഭ്മാൻ ഗിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തേർഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ രംഗത്തെത്തി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ ഇന്ത്യൻ റൺചേസിലായിരുന്നു തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിലൂടെ ഗിൽ പുറത്തായത്. ഇതിന് പുറകെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. ഇപ്പോഴിതാ താരം തന്നെ ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്.

തേർഡ് സ്ലിപ്പിൽ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറോൺ ഗ്രീനാണ് ഗില്ലിനെ പുറത്താക്കാൻ ക്യാച്ച് നേടിയത്. കൈപ്പിടിയിൽ ഒതുക്കിയ ശേഷം പന്ത് നിലത്ത് തട്ടുന്നത് വ്യക്തമായിരുന്നുവെങ്കിലും തേർഡ് അമ്പയർ ഗ്രീസിൻ്റെ വിരൽ പന്തിനടിയിൽ ഉണ്ടെന്ന് വിധിയെഴുതി.

ഇപ്പോഴിതാ ഗ്രീൻ ക്യാച്ച് എടുക്കുന്നതിനിടെ പന്ത് ഗ്രൗണ്ടിൽ തട്ടുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് തൻ്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ശുഭ്മാൻ ഗിൽ.

മത്സരത്തിലേക്ക് വരുമ്പോൾ 444 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിട്ടുണ്ട്. 44 റൺസ് നേടിയ വിരാട് കോഹ്ലിയും 20 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. 43 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 18 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 27 റൺസ് നേടിയ പുജാര എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.