Skip to content

ഇന്ത്യൻ റൺചേസിന് കരുത്തായത് ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ ഗംഭീര തുടക്കം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ വിട്ടുകൊടുക്കാതെ പോരാടുകയാണ് ഇന്ത്യ. 444 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഓസ്ട്രേലിയ മുൻപിൽ വെച്ചെങ്കിലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കുവാൻ ഓസീസിന് സാധിച്ചില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കം ഇന്ത്യൻ ടീമിന് വലിയ ഊർജമാണ് പകർന്നിരിക്കുന്നത്.

444 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാണിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിട്ടുണ്ട്. 44 റൺസ് നേടിയ വിരാട് കോഹ്ലിയും 20 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

റൺചേസിലെ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഇന്നിങ്സ് വിസ്മരിക്കാൻ സാധിക്കില്ല. 60 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 43 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ന്യൂ ബോളിൽ ഇന്ത്യയെ വീഴ്ത്താമെന്ന് കരുതിയ ഓസീസ് ബൗളർമാർ ഹിറ്റ്മാൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ഓസീസ് പേസർമാരെ താളം കണ്ടെത്താൻ രോഹിത് ശർമ്മ അനുവദിച്ചില്ല. മൂന്ന് ഓവർ മാത്രമാണ് തൻ്റെ ഓപ്പണിംഗ് സ്പെല്ലിൽ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് എറിഞ്ഞത്. പകരമെത്തിയ സ്റ്റാർക്കിനെയും സെറ്റിൽ ചെയ്യുവാൻ ഹിറ്റ്മാൻ അനുവദിച്ചില്ല.

ഒടുവിൽ നേതൻ ലയനാണ് രോഹിത് ശർമ്മയുടെ വിക്കറ്റ് നേടിയത്. അതിനോടകം റൺചേസിൽ ഇന്ത്യയ്ക്ക് വേണ്ട ഊർജം ഹിറ്റ്മാൻ സമ്മാനിച്ചുകഴിഞ്ഞിരുന്നു.