Skip to content

ലോർഡ് താക്കൂർ !! ആ നേട്ടത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനൊപ്പം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടി അജിങ്ക്യ രഹാനെയ്ക്കൊപ്പമുള്ള താരത്തിൻ്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചുവരവിന് വഴിയൊരുക്കിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ ഗംഭീര നേട്ടം താക്കൂർ കുറിച്ചിരിക്കുകയാണ്.

മത്സരം നടക്കുന്ന ഓവലിലെ താക്കൂറിൻ്റെ തുടർച്ചയായ മൂന്നാം ഫിഫ്റ്റിയാണിത്. ഇതിന് മുൻപ് 2021 ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ഓവൽ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 36 പന്തിൽ 57 റൺസും രണ്ടാം ഇന്നിങ്സിൽ 72 പന്തിൽ 60 റൺസും താക്കൂർ നേടിയിരുന്നു.

ഓവലിൽ തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ 50+ റൺസ് നേടുന്ന മൂന്നാമത്തെ മാത്രം വിദേശ ബാറ്റ്സ്മാനാണ് താക്കൂർ. ഇതിന് മുൻപ് ഓസ്ട്രേലിയൻ ഇതിഹാസങ്ങളായ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ, അലൻ ബോർഡർ എന്നിവരാണ് ഓവലിൽ തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ 50 + സ്കോർ നേടിയിട്ടുള്ളത്.