Skip to content

നാളെ നിർണായക ദിനം ! ഫൈനലിൽ വിട്ടുകൊടുക്കാതെ പോരാടി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലെ മൂന്നാം ദിനത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ. കഴിഞ്ഞ രണ്ട് ദിനം ഇന്ത്യൻ ആരാധകർക്ക് നിരാശ മാത്രം സമ്മനിച്ചപ്പോൾ മൂന്നാം ദിനം ഒട്ടേറെ പ്രതീക്ഷയാണ് ഇന്ത്യ സമ്മാനിച്ചിരിക്കുന്നത്.

അജിങ്ക്യ രഹാനെയുടെയും ഷാർദുൽ താക്കൂറിൻ്റെയും ഗംഭീര പ്രകടനമാണ് ഇന്ത്യയുടെ തിരിച്ചുവരവിലേക്ക് വഴിയൊരുക്കിയത്. ഒരു ഘട്ടത്തിൽ 152 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയ്ക്കായി ഏഴാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ഭേദപ്പെട്ട സ്കോർ സമ്മാനിച്ച ഇരുവരും ഓസ്ട്രേലിയൻ ലീഡ് പരമാവധി ചുരുക്കുകയും ചെയ്തു.

രഹാനെ 129 പന്തിൽ 89 റൺസ് നേടിയപ്പോൾ ഓവലിലെ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടിയ താക്കൂർ 109 പന്തിൽ 59 റൺസ് നേടി. ഇരുവരുടെയും മികവിൽ 296 റൺസ് ഇന്ത്യ നേടി.

179 റൺസിൻ്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ123 റൺസ് നേടിയിട്ടുണ്ട്. 41 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 7 റൺസ് നേടിയ കാമറോൺ ഗ്രീനുമാണ് ഓസ്ട്രേലിയക്കായി ക്രീസിലുള്ളത്. കഴിഞ്ഞ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെ ജഡേജ പുറത്താക്കിയപ്പോൾ ഉസ്മാൻ ഖവാജയെ ഉമേഷ് യാദവും ഡേവിഡ് വാർണറെ സിറാജും പുറത്താക്കി. 296 റൺസിൻ്റെ ലീഡാണ് നിലവിൽ ഓസ്ട്രേലിയക്കുള്ളത്.