Skip to content

പതിവ് തെറ്റിച്ചില്ല ! ഫൈനലിലും ചതിച്ച് ഇന്ത്യയുടെ മുൻനിര

വളരെയേറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി കാത്തിരുന്നത്. ഐ പി എല്ലിലെ തകർപ്പൻ ഫോം താരങ്ങൾ ഫൈനലിലും തുടരുമെന്ന പ്രതീക്ഷയായിരുന്നു അതിന് കാരണം. എന്നാൽ ആദ്യ രണ്ട് ദിനവും ആരാധകർക്ക് നിരാശ മാത്രമായിരുന്നു ഇന്ത്യ സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടി മേഘ്രാവൃതമായ അന്തരീക്ഷത്തിൽ ഓസ്ട്രേലിയയെ ബാറ്റിങിനായി അയച്ചപ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകർക്കുണ്ടായിരുന്നത്. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളർമാരും പ്രതീക്ഷയ്‌ക്ക് ആക്കം കൂട്ടി. എന്നാൽ നാലാം വിക്കറ്റിലെ സ്മിത്ത് – ട്രാവിസ് ഹെഡ് കൂട്ടുകെട്ട് ഇന്ത്യൻ പ്രതീക്ഷകളെ തകർത്തു. 469 റൺസായിരുന്നു ഇരുവരുടെയും സെഞ്ചുറി മികവിൽ ഓസ്ട്രേലിയ നേടിയത്.

മറുപടി ബാറ്റിങിൽ പതിവ് പോലെ ഇന്ത്യയുടെ ടോപ്പ് ഓർഡർ ചതിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസിന് കമ്മിൻസിന് മുൻപിൽ വീണപ്പോൾ ഐ പി എൽ മൂന്ന് സെഞ്ചുറി നേടിയെത്തിയ ശുഭ്മാൻ ഗിൽ 13 റൺസിൽ പുറത്തായി. കൗണ്ടിയിൽ സെഞ്ചുറികൾ അടിച്ചുകൂട്ടിയ പുജാരയ്‌ക്ക് 14 റൺസ് മാത്രമാണ് നേടാനായത്. മറുഭാഗത്ത് തുടർച്ചയായ രണ്ട് സെഞ്ചുറി നേടി മത്സരത്തിനെത്തിയ കോഹ്ലിയ്‌ക്ക് 14 റൺസ് മാത്രമാണ് നേടാനായത്.

അഞ്ചാം വിക്കറ്റിൽ 71 റൺസ് നേടിയ രഹാനെ – ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. ഐ പി എൽ ഫൈനലിൽ ചെന്നൈയുടെ ഹീറോയായ ജഡേജ ഇന്ത്യയുടെയും ഹീറോയാകുമെന്ന് കരുതിയെങ്കിലും 48 റൺസ് നേടിയ താരത്തെ നേതൻ ലയൺ പുറത്താക്കി. 29 റൺസ് നേടി ക്രീസിലുള്ള ജഡേജ, കെ എസ് ഭരത്, ബാറ്റ് ചെയ്യാനിരിക്കുന്ന താക്കൂർ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉടനീളം ലോ ഓർഡറിൻ്റെ പിൻബലത്തിലാണ് ഇന്ത്യ വിജയിച്ചത്. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ പരമ്പരയിൽ പോലും ലോ ഓർഡറിൽ അക്ഷർ പട്ടേൽ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഫൈനൽ വരെ എത്തിച്ചത്. ലീഡ് വഴങ്ങാതിരിക്കാൻ 318 റൺസ് ഇനിയും ഇന്ത്യയ്ക്ക് വേണം. ഈ റൺമല മറികടക്കാൻ ലോ ഓർഡറിന് സാധിക്കുമോയെന്ന് കണ്ടുതന്നെയറിയണം.