Skip to content

തകർന്നടിഞ്ഞ് മുൻനിര !! ഇനി പ്രതീക്ഷയെല്ലാം ഒരാളിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ദിനവും സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം ദിനത്തിൽ ബൗളിങിൽ ഗംഭീര തിരിച്ചുവരവ് ഇന്ത്യ നടത്തിയെങ്കിലും ആരാധകരുടെ സന്തോഷം ഇന്ത്യൻ ബാറ്റിങ് ആരംഭിച്ചതോടെ അവസാനിച്ചു.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടിയിട്ടുണ്ട്. 29 റൺസ് നേടിയ അജിങ്ക്യ രഹാനെയും 5 റൺസ് നേടിയ കെ എസ് ഭരതുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. ഒരു ഘട്ടത്തിൽ 71 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ 51 പന്തിൽ 48 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്സാണ് തകർച്ചയിൽ നിന്നും രക്ഷിച്ചത്. ഫിഫ്റ്റി നേടുന്നതിന് മുൻപേ ജഡേജയെ നേതൻ ലയൺ പുറത്താക്കുകയും ചെയ്തു.

ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസും ശുഭ്മാൻ ഗിൽ 13 റൺസും നേടി പുറത്തായപ്പോൾ പുജാരയ്ക്ക് 14 റൺസും വിരാട് കോഹ്ലിയ്‌ക്ക് 14 റൺസും മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി പന്തെറിഞ്ഞ അഞ്ച് പേരും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 469 റൺസ് നേടിയിരുന്നു. 163 റൺസ് നേടിയ ട്രാവിസ് ഹെഡും 121 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി സിറാജ് നാല് വിക്കറ്റും ഷാമി, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.