Skip to content

ഇന്ത്യയെ കണ്ടാൽ കലിപ്പ് !! തകർപ്പൻ റെക്കോർഡിൽ പോണ്ടിങിനൊപ്പമെത്തി സ്റ്റീവ് സ്മിത്ത്

തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് നേടിയത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 31 ആം സെഞ്ചുറിയാണ് മത്സരത്തിൽ സ്മിത്ത് നേടിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ താരത്തിൻ്റെ ഒമ്പതാം സെഞ്ചുറിയാണിത്. ഇത് കൂടാതെ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ അഞ്ച് സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പം സ്റ്റീവ് സ്മിത്ത് എത്തി.

ടെസ്റ്റിൽ എട്ടും ഏകദിനത്തിൽ ആറും സെഞ്ചുറിയടക്കം ഇന്ത്യയ്ക്കെതിരെ 14 സെഞ്ചുറിയാണ് റിക്കി പോണ്ടിങ് നേടിയിട്ടുള്ളത്. 12 സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോ റൂട്ട്, 11 സെഞ്ചുറി വീതം നേടിയ കുമാർ സംഗക്കാര, വിവിയൻ റിച്ചാർഡ്സ് എന്നിവരാണ് ഈ നേട്ടത്തിൽ സ്മിത്തിനും പോണ്ടിങിനും പിന്നിലുള്ളത്.