Skip to content

അവർ ബോൾ ടാമ്പറിങ് നടത്തി !! ഗുരുതര ആരോപണവുമായി മുൻ പാകിസ്ഥാൻ താരം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബോൾ ടാമ്പറിങ് നടന്നുവെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ബസിത് അലി. ഓസ്ട്രേലിയൻ ടീമിനെതിരെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ശക്തമായ തെളിവുകൾ തൻ്റെ പക്കലുണ്ടെന്ന അവകാശവാദത്തോടെയാണ് മുൻ താരം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൺമുൻപിൽ തെളിവുകൾ ഉണ്ടായിട്ടും അമ്പയർമാരോ കമൻ്റേറ്റർമാരോ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ബസിത് അലി പറഞ്ഞു.

ശുഭ്മാൻ ഗില്ലും പുജാരയും പന്ത് ലീവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൗൾഡായി പുറത്തായതാണ് തെളിവായി അലി ചൂണ്ടികാട്ടുന്നത്. ഇന്ത്യൻ പേസർമാരായ ഷാമിയ്ക്കും സിറാജിനും ലഭിക്കാത്ത റിവേഴ്സ് സ്വിങ് ഓസ്ട്രേലിയൻ ബൗളർമാർക്ക് ലഭിച്ചത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും അലി പറഞ്ഞു.

മത്സരത്തിൽ പതിനെട്ടാം ഓവറിൽ ഷേപ്പ് നഷ്ടമായതിനെ തുടർന്ന് അമ്പയർമാർ പന്ത് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മറ്റു വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായത്. 15-20 ഓവറുകളിൽ പന്ത് റിവേഴ്സ് സ്വിങ് ആകില്ലെന്നും പ്രത്യേകിച്ചും ഡ്യൂക്ക് ബോളിൽ റിവേഴ്സ് സ്വിങ് ലഭിക്കാൻ 40 ഓവറുകൾ എങ്കിലും വേണ്ടിവരുമെന്നും ബിസിസിഐ ഇത്രയും വലിയ ക്രിക്കറ്റ് ബോർഡ് ആയിട്ടും ഇത് കാണാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും അലി പറഞ്ഞു.