Skip to content

മറ്റു ടീമുകൾ ചെയ്ത തെറ്റ് ഇന്ത്യയും ആവർത്തിച്ചു ! തുറന്നുപറഞ്ഞ് ട്രാവിസ് ഹെഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ശക്തമായ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 327 റൺസ് ഓസ്ട്രേലിയ നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ് ഓസ്ട്രേലിയക്ക് മേധാവിത്വം സമ്മാനിച്ചത്. മറുഭാഗത്ത് സ്മിത്ത് മികച്ച പിന്തുണ താരത്തിന് നൽകി.

ഓസ്ട്രേലിയക്കെതിരെ മുൻപും മറ്റു ടീമുകൾ വരുത്തിയ പിഴവ് ഇന്ത്യയും ആവർത്തിച്ചുവെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ട്രാവിസ് ഹെഡ്. 76 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ പിന്നീടുള്ള ലക്ഷ്യം എങ്ങനെയെങ്കിലും സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയെന്നതായിരുന്നു. ഇതിനിടയിൽ ട്രാവിസ് ഹെഡ് എത്രത്തോളം അപകടകാരിയാണെന്ന കാര്യം ഇന്ത്യ മറന്നു. ഷോർട്ട് ബോളിൽ വീക്ക്നസുള്ള ട്രാവിസ് ഹെഡിനെതിരെ തുടക്കത്തിൽ ഷോർട്ട് ബോളുകൾ ഇന്ത്യ എറിഞ്ഞില്ല. ഇതോടെ പതിവുപോലെ അതിവേഗം റൺസ് നേടുവാൻ ഹെഡിന് സാധിച്ചു. മറുഭാഗത്ത് പതിവിലും മെല്ലെയായിരുന്നു സ്റ്റീവ് സ്മിത്തിൻ്റെ ബാറ്റിങ്.

ഇക്കാര്യം ആദ്യ ദിനത്തിന് ശേഷം ട്രാവിസ് ഹെഡ് സൂചിപ്പിക്കുകയും ചെയ്തു. എല്ലായ്പ്പോഴും സ്റ്റീവ് സ്മിത്തിനൊപ്പം ബാറ്റ് ചെയ്യുവാൻ താൻ ഇഷ്ടപെടുന്നുവെന്നും ഏറ്റവും മികച്ച ബാറ്റ്സ്മാനായതിനാൽ എതിർ ടീമിൻ്റെ പ്ലാൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയെന്നതായിരിക്കുമെന്നും അതിൻ്റെ നിഴലിൽ മറ്റുള്ളവർക്ക് അവരുടെ ജോലി നിർവഹിക്കാൻ സാധിക്കുമെന്നും ഹെഡ് തുറന്നുപറഞ്ഞു.