Skip to content

എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും സീനിയർ താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറുമായ അശ്വിനെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഫൈനലിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ രവീന്ദ്ര ജഡേജയെയാണ് സ്പിന്നറായി ടീമിൽ ഉൾപെടുത്തിയത്.

സാഹചര്യങ്ങൾ സ്പിന്നിന് അനുകൂലമല്ലാത്തതുകൊണ്ടാണ് അശ്വിനെ പുറത്താക്കിയതെന്നാണ് രോഹിത് ശർമ്മയുടെ വിശദീരകണം. എന്നാൽ ക്യാപ്റ്റൻ താനായിരുന്നുവെങ്കിൽ അശ്വിനെ ഒഴിവാക്കുകയില്ലെന്നാണ് മുൻ ക്യാപ്റ്റൻ ഗാംഗുലിയുടെ പ്രതികരണം.

” ഇത് പിൻബുദ്ധിയിൽ ഉദിച്ച തീരുമാനമാണ്. എനിക്കത് വിശ്വാസമില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ ടോസിന് മുൻപ് തീരുമാനം എടുക്കേണ്ടതുണ്ട്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തതുകൊണ്ടാണ് നാല് ഫാസ്റ്റ് ബൗളർമാരുമായി ഇറങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ സാഹചര്യങ്ങളിൽ നാല് ഫാസ്റ്റ് ബൗളർമാരുമായി അവർ വിജയം നേടിയിട്ടുണ്ട്. ”

‘ എന്നോട് ചോദിക്കുകയാണെങ്കിൽ ഓരോ ക്യാപ്റ്റന്മാരും വ്യത്യസ്തരാണ്. രോഹിത് ചിന്തിക്കുന്ന രീതിയും ഞാൻ ചിന്തിക്കുന്ന രീതിയും വേറെയാണ്. എന്നെ സംബന്ധിച്ച് അശ്വിനെ പോലെ നിലവാരമുള്ള സ്പിന്നറെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. ” സൗരവ് ഗാംഗുലി പറഞ്ഞു.