Skip to content

ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ

ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. കളിച്ച അവസാന രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടികൊണ്ട് തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലിയുള്ളത്.

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ ഇതുവരെ 24 മത്സരങ്ങളിൽ നിന്നും 48.26 ശരാശരിയിൽ 1979 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 21 റൺസ് കൂടെ നേടിയാൽ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ 2000 റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി കോഹ്ലി മാറും. 3630 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, 2434 റൺസ് നേടിയ വി വി എസ് ലക്ഷ്മൺ, 2166 റൺസ് നേടിയ രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇതിന് മുൻപ് ഓസ്ട്രേലിയക്കെതിരെ 2000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

കൂടാതെ 55 റൺസ് കൂടെ നേടിയാൽ ഓസ്ട്രേലിയക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 5000 റൺസും പൂർത്തിയാക്കാൻ കോഹ്ലിയ്‌ക്ക് സാധിക്കും. ഇതുവരെ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 50 ന് മുകളിൽ ശരാശരിയിൽ 4945 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

മത്സരത്തിൽ 38 റൺസ് കൂടെ നേടാൻ സാധിച്ചാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഐസിസി നോക്കൗട്ട് ഘട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്ലിയ്‌ക്ക് മാറാൻ സാധിക്കും. ഇതുവരെ 16 ഇന്നിങ്സിൽ നിന്നും 50 ന് മുകളിൽ ശരാശരിയിൽ 620 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 14 ഇന്നിങ്സിൽ നിന്നും 657 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ നേടിയിട്ടുള്ളത്. 18 ഇന്നിങ്സിൽ നിന്നും 731 റൺസ് നേടിയ റിക്കി പോണ്ടിങാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ ഈ റെക്കോർഡിൽ റിക്കി പോണ്ടിങിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തുവാൻ കോഹ്ലിയ്‌ക്ക് സാധിക്കും.