Skip to content

ഇത് രഹാനെയുടെ അവസാന ചാൻസാണോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിലേക്കുള്ള അജിങ്ക്യ രഹാനെയുടെ തിരിച്ചുവരവിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രഞ്ജിയിലെയും ഐ പി എല്ലിലെയും മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് രഹാനെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മാത്രം ലക്ഷ്യം വെച്ചാണോ രഹാനെയെ ടീമിലേക്ക് തിരിച്ചെത്തിച്ചതെന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിരുന്നു.

എന്നാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ രഹാനെയ്‌ക്ക് ലഭിക്കുന്ന അവസാന ചാൻസായിരിക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഫൈനലിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു ഇക്കാര്യം ദ്രാവിഡ് തുറന്നുപറഞ്ഞത്.

രഹാനെ ടീമിൽ തിരിച്ചെത്തിയത് ഗുണകരമാകുമെന്നും വിദേശത്ത് കഴിവ് തെളിയിച്ചിട്ടുള്ള ബാറ്റ്സ്മാനാണ് രഹാനെയെന്നും രഹാനെയുടെ സാന്നിദ്ധ്യം സ്ലിപ്പ് ഫീൽഡിങിലും ഗുണം ചെയ്യുമെന്ന് പറഞ്ഞ രാഹുൽ ദ്രാവിഡ് ഇതൊരിക്കലും രഹാനെയ്‌ക്ക് ലഭിക്കുന്ന ഒരേയൊരു അവസരം ആയിരിക്കില്ലെന്നും മികച്ച പ്രകടനം നടത്തിയാൽ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ അടക്കമുളളവർ തിരിച്ചെത്തിയാലും രഹാനെ ടീമിലുണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു.