Skip to content

ഏഷ്യ കപ്പ് വേദി നിർണായക അപ്ഡേറ്റുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ഏഷ്യ കപ്പ് വേദി സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഐ പി എൽ ഫൈനലിന് ശേഷം ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷാ. നിലവിൽ ഐ പി എൽ നടക്കുന്നതിനാൽ തങ്ങൾ തിരിക്കിലായിരുന്നുവെന്നും അന്തിമ തീരുമാനം ഐ പി എല്ലിന് ശേഷം ഉണ്ടാകുമെന്നും ജയ് ഷാ പറഞ്ഞു.

ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകളിലെ പ്രതിനിധികളെ ഐ പി എൽ ഫൈനലിനായി ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. ഈ വേളയിലായിരിക്കും വേദി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. പാകിസ്ഥാൻ മുൻപോട്ട് വെച്ച ഹൈബ്രിഡ് മോഡൽ ബിസിസിഐ അംഗീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂട്രൽ വേദിയായിരിക്കും ഫൈനലിന് ശേഷം തീരുമാനിക്കുക.

രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഏഷ്യ കപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ ഇന്ത്യ ഒഴിച്ചുള്ള ടീമുകൾ പാകിസ്ഥാനിൽ കളിക്കും. അതിന് ശേഷം ന്യൂട്രൽ വേദിയിൽ വെച്ചായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഫൈനലിൽ ഇന്ത്യ പ്രവേശിച്ചാൽ ഫൈനൽ ന്യൂട്രൽ വേദിയിൽ നടക്കുകയും മറിച്ചാണെങ്കിൽ ഫൈനൽ പാകിസ്ഥാനിലായിരിക്കും നടക്കുക.