Skip to content

റോയ് ഇനി നൈറ്റ് റൈഡേഴ്സിൻ്റെ താരമാകും !! രാജ്യത്തിൻ്റെ കരാർ വേണ്ടെന്ന് വെച്ച് സൂപ്പർതാരം

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ അവസാനിപ്പിക്കുവാൻ ഒരുങ്ങി ഓപ്പണിങ് ബാറ്റ്സമാൻ ജേസൺ റോയ്. അമേരിക്കയിൽ ആരംഭിക്കുന്ന പുതിയ ടി20 ടീമായ മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇംഗ്ലണ്ട് കരാർ റോയ് അവസാനിപ്പിക്കുവാൻ ഒരുങ്ങുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉടമസ്ഥതയിലുള്ള ലോസ് ഏഞ്ചലസ് നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് മേജർ ലീഗ് ക്രിക്കറ്റിൽ റോയ് കളിക്കുവാൻ ഒരുങ്ങുന്നത്. റോയുമായി രണ്ട് വർഷത്തേക്ക് 30 കോടി രൂപയുടെ കരാറിൽ നൈറ്റ് റൈഡേഴ്സ് ഏർപ്പെടുവാൻ പോവുകയാണെന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫുട്ബോളിൻ്റെ പാതയിലേക്ക് ക്രിക്കറ്റും നീങ്ങുന്നതിൻ്റെ സൂചനയായാണ് ഈ നീക്കങ്ങൾ കാണുന്നത്. നിലവിൽ ക്രിക്കറ്റ് താരങ്ങളുടെ തൊഴിലുടമകൾ അതാത് ക്രിക്കറ്റ് ബോർഡുകളാണ്. എന്നാൽ ഭാവിയിൽ ഇത് ക്ലബുകൾ കയ്യടക്കുമെന്നാണ് പല വിദഗ്ധരും ചൂണ്ടികാട്ടുന്നത് വൈകാതെ പല പ്രമുഖ താരങ്ങളും ക്രിക്കറ്റ് ബോർഡുകളുടെ കരാർ അവസാനിപ്പിച്ചുതുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജൂലൈയിൽ ആരംഭിക്കുന്ന ലീഗിന് വലിയ പിന്തുണയാണ് ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ലഭിക്കുന്നത്.

ആറിൽ നാല് ഫ്രാഞ്ചൈസികളെയും ഐ പി എൽ ടീമുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റ് വിക്ടോറിയക്കും ന്യൂ സൗത്ത് വെയിൽസിനും മറ്റു ടീമുകളിൽ നിക്ഷേപമുണ്ട്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് അടക്കമുള്ളവർ രണ്ടാം സീസൺ മുതൽ ലീഗിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.