Skip to content

തീയായി ആകാശ് മാധ്വാൾ ! ലഖ്നൗവിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ

ഐ പി എൽ 2023 സീസൺ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ വമ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് 16.3 ഓവറിൽ 101 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 3.3 ഓവറിൽ 5 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് മാധ്വാളാണ് ലഖ്നൗവിനെ തകർത്തത്. 27 പന്തിൽ 40 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് മാത്രമാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 23 പന്തിൽ 41 റൺസ് നേടിയ കാമറോൺ ഗ്രീൻ, 33 റൺസ് നേടിയ സൂര്യകുമാർ യാദവ്, 12 പന്തിൽ 23 റൺസ് നേടിയ നേഹൽ വധേര എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. നാല് വിക്കറ്റ് നേടിയ നവീൻ ഉൾ ഹഖും മൂന്ന് വിക്കറ്റ് നേടിയ യാഷ് താക്കൂറുമാണ് ലക്നൗവിനായി തിളങ്ങിയത്.

ഇനി മറ്റന്നാൾ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഗുജറാത്ത് ടൈറ്റൻസിനെ മുംബൈ ഇന്ത്യൻസ് നേരിടും.