Skip to content

വീഴ്ത്തിയത് അഞ്ച് വിക്കറ്റ് ! ചരിത്രനേട്ടവുമായി ആകാശ് മധ്വാൾ

അവിസ്മരണീയ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഇന്ത്യൻ പേസർ ആകാശ് മധ്വാൾ കാഴ്ച്ചവെച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരത്തിൻ്റെ മികവിലാണ് 81 റൺസിൻ്റെ ഗംഭീര വിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ് ആകാശ് മധ്വാൾ.

3.3 ഓവറിൽ വെറും 5 റൺസ് വിട്ടുകൊടുത്തുകൊണ്ടാണ് അഞ്ച് വിക്കറ്റുകൾ താരം നേടിയത്. ഐ പി എൽ ചരിത്രത്തിൽ ആദ്യമായി പ്ലേയോഫിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന ചരിത്രറെക്കോർഡ് ആകാശ് മധ്വാൾ സ്വന്തമാക്കി.

ഐ പി എല്ലിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിങ് പ്രകടനം കൂടിയാണിത്. കൂടാതെ ഐ പി എല്ലിലെ അൺക്യാപഡ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടവും ആകാശ് മധ്വാൾ സ്വന്തമാക്കി.

മത്സരത്തിലെ വിജയത്തോടെ മുംബൈ ഇന്ത്യൻസ് മറ്റന്നാൾ നടക്കുന്ന രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈ ഇന്ത്യൻസിൻ്റെ എതിരാളികൾ.