Skip to content

ഗുജറാത്തിൻ്റെ തോൽവിയിലേക്ക് നയിച്ചത് ഹാർദിക്ക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനം !!

ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസൺ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. തങ്ങളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു ധോണിപ്പടയുടെ വിജയം. തോൽവിയ്‌ക്ക് പുറകെ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയ്ക്കെതിരെ രംഗത്തെത്തിയിക്കുകയാണ് ആരാധകർ.

മത്സരത്തിലെ ബാറ്റിങ് ഓർഡറിൽ വരുത്തിയ അനാവശ്യ മാറ്റമാണ് തോൽവിയ്‌ക്ക് കാരണമായതെന്നാണ് ആരാധകർ ചൂണ്ടികാട്ടുന്നത്. തകർപ്പൻ ഫോമിലുള്ള വിജയ് ശങ്കർ മത്സരത്തിൽ ആറാമനായാണ് ഇറങ്ങിയത്. ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് മൂന്നാമനായി ഇറങ്ങിയത്. എന്നാൽ 7 പന്തിൽ 8 റൺസ് മാത്രമാണ് ഹാർദിക്ക് പാണ്ഡ്യയ്‌ക്ക് നേടുവാൻ സാധിച്ചത്.

സീസണിൽ മൂന്നാമനായി ഇറങ്ങി മികച്ച പ്രകടനമായിരുന്നു വിജയ് ശങ്കർ കാഴ്ച്ചവെച്ചിരുന്നത്. ആർ സീ ബിയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ താരം 35 പന്തിൽ 53 റൺസ് നേടിയിരുന്നു. ഇത് മാത്രമല്ല വിജയ് ശങ്കറിൻ്റെ ഹോം ഗ്രൗണ്ട് കൂടിയാണ് മത്സരം നടന്ന ചെപ്പോക്ക് സ്റ്റേഡിയം. ടൈറ്റൻസ് നിരയിൽ സ്പിന്നർമാരെ ഏറ്റവും നന്നായി നേരിടുന്ന ബാറ്റ്സ്മാൻ കൂടിയാണ് വിജയ് ശങ്കർ.

ഈ കാരണങ്ങൾ പരിഗണിക്കാതെയുള്ള ഹാർദിക്ക് പാണ്ഡ്യയുടെയും ടീം മാനേജ്മെൻ്റിൻ്റെയും തീരുമാനമാണ് ടീമിൻ്റെ തോൽവിയിലേക്ക് വഴിവെച്ചതെന്ന വിമർശനമാണ് ഇപ്പോൾ ടൈറ്റൻസ് ആരാധകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.