ഇത് തൻ്റെ അവസാന സീസൺ ആയിരിക്കുമെന്ന് താൻ തീരുമാനിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിന് ശേഷം പ്രതികരിക്കവെയാണ് ഇക്കാര്യം ധോണി തുറന്നുപറഞ്ഞത്.
അടുത്ത സീസണിൽ ചെപ്പോക്കിൽ താങ്കൾ തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് താനതിൽ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ധോണിയുടെ പ്രതികരണം. അതിനെകുറിച്ച് ചിന്തിക്കാൻ എട്ടോ ഒമ്പതോ മാസത്തെ സമയമുണ്ടെന്നും ഇപ്പോൾ ആ തലവേദനയുടെ ആവശ്യമില്ലെന്നും ധോണി പറഞ്ഞു. എല്ലായ്പ്പോഴും ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കാനും പുറത്തിരിക്കാനും എല്ലായ്പ്പോഴും താൻ ഉണ്ടാകുമെന്നും എം എസ് ധോണി പറഞ്ഞു.
ഐ പി എൽ ചരിത്രത്തിൽ ഇത് പത്താം തവണയാണ് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ പ്രവേശിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് തകർത്തുകൊണ്ടായിരുന്നു സി എസ് കെ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ 157 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.