Skip to content

അതിശക്തം സൂപ്പർ കിങ്സ്! ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ഫൈനലിൽ

ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിൽ ഫൈനലിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ചെപ്പോക്കിൽ നടന്ന പോരാട്ടത്തിൽ 15 റൺസിനായിരുന്നു ചെന്നൈ സൂപ്പർ കിങ്സിൻ്റെ വിജയം.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ 157 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. 38 പന്തിൽ 40 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 16 പന്തിൽ 30 റൺസ് നേടിയ റാഷിദ് ഖാനും മാത്രമാണ് ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി തിളങ്ങിയത്.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ദീപക് ചഹാർ, മഹീഷ് തീക്ഷ്ണ, രവീന്ദ്ര ജഡേജ, പതിരാന എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നാളെ നടക്കുന്ന എലിമിനേറ്ററിൽ വിജയിക്കുന്ന ടീമിനെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് നേരിടും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 44 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 60 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ്, 34 പന്തിൽ 40 റൺസ് നേടിയ ഡെവൻ കോൺവെ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.