Skip to content

ചെന്നൈയ്‌ക്ക് എട്ടിൻ്റെ പണി കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

പ്ലേയോഫ് പ്രതീക്ഷകളുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് എട്ടിൻ്റെ പണി കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു കെ കെ ആറിൻ്റെ വിജയം.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കെ കെ ആർ മറികടന്നു. 43 പന്തിൽ 54 റൺസ് നേടിയ റിങ്കു സിങ്, 44 പന്തിൽ 57 റൺസ് നേടിയ നിതീഷ് റാണ എന്നിവരാണ് കെ കെ ആറിനെ വിജയത്തിലെത്തിച്ചത്. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തോൽവിയോടെ ചെന്നൈയുടെ പ്ലേയോഫ് പ്രതീക്ഷകളും തുലാസിലായിരിക്കുകയാണ്. ഇനിയുള്ള ശേഷിക്കുന്ന ഒരേയൊരു മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ചെന്നൈയ്‌ക്ക് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അതിന് സാധിക്കാതെ വന്നാൽ അടുത്ത രണ്ട് മത്സരങ്ങളിൽ ആർ സീ ബി, ലഖ്നൗ സൂപ്പർ ജയൻ്റ്സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾ വിജയിച്ചാൽ സി എസ് കെ പ്ലേയോഫ് കാണാതെ പുറത്താകും.

പ്ലേയോഫ് കാണാതെ ഇതിനോടകം പുറത്തായി കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.