Skip to content

ബാറ്റ്സ്മാന്മാരെ കുരുക്കിലാക്കിയ ആ നിയമം എടുത്ത് കളഞ്ഞ് ഐ സി സി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ള നിയമമാണ് ഓൺ ഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നൽ. ഇതുമൂലം നിരവധി ബാറ്റ്സ്മാന്മാർക്ക് ഔട്ടാകാതിരുന്നിട്ടും പുറത്തേക്ക് പോകേണ്ടിവന്നിട്ടുണ്ട്. സോഫ്റ്റ് സിഗ്നൽ നൽകിയാൽ പിന്നെ നിർണായക തെളിവ് ലഭിച്ചെങ്കിൽ മാത്രമേ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനത്തെ തിരുത്തുവാൻ തേർഡ് അമ്പയർക്ക് സാധിക്കൂ.

എന്നാൽ ഇനിമുതൽ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് തടിയൂരാൻ തേർഡ് അമ്പയർക്ക് സാധിക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും സോഫ്റ്റ് സിഗ്നൽ എടുത്തുകളഞ്ഞിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. നിയമത്തിലെ ഈ മാറ്റം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലോടെയാണ് നിലവിൽ വരിക.

സോഫ്റ്റ് സിഗ്നലിനെതിരെ കോഹ്ലിയും ബെൻ സ്റ്റോക്സും അടക്കമുളള താരങ്ങൾ രംഗത്തെത്തിയിരുന്നു. സോഫ്റ്റ് സിഗ്നൽ റദ്ദാക്കണമെന്നും തീരുമാനമെടുക്കാനുള്ള അധികാരം ടെക്നോളജി കൈവശമുള്ള തേർഡ് അമ്പയർമാർക്ക് വിടണമെന്നും ബെൻ സ്റ്റോക്സ് തുറന്നുപറഞ്ഞിരുന്നു.